Type Here to Get Search Results !

Bottom Ad

എക്‌സൈസ് ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍


മേല്‍പ്പറമ്പ് (www.evisionnews.in); അനധികൃത മദ്യവില്‍പ്പന നടക്കുന്ന വിവരമറിഞ്ഞ് വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ വളര്‍ത്തു പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കളനാട് കൈനോത്തെ ഡി.കെ അജിത് (32), സജിത (39) എന്നിവരെയാണ് സി .ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കൈനോത്തെ വീട്ടില്‍ അനധികൃതമായി മദ്യ വില്‍പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ചെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസര്‍ എം .കെ ബാബുകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ ഇ .കെ ബിജോയ് (46), കെ .എം പ്രദീപ് (49) എന്നിവരാണ് അക്രമത്തിനിരയായത്. കൈനോത്തെ ഉദയന്‍, ഭാര്യ സജിത, ബന്ധുവായ അജിത് , കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഉദയന്‍ ഒളിവിലാണെന്നാണ് വിവരം.ഞായറാഴ്ച വൈകിട്ട് ഉദയന്റെ വീടിന് മുന്നില്‍ വെച്ച് ഇരുചക്രവാഹനത്തില്‍ മദ്യവില്‍പ്പന നടത്തുകയാണെന്ന വിവരം ലഭിച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. വാഹനം പരിശോധിക്കുന്നതിനിടെ തടഞ്ഞുനിര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും വളര്‍ത്തുപട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.അജിത്തിനെ റിമാണ്ട് ചെയ്തു. സജിതയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad