Friday, 1 April 2022

മരുന്നിനും കുടിവെള്ളത്തിനും വരെ വിലകൂടും; ഇന്നുമുതലുണ്ടാകുന്ന മാറ്റങ്ങള്‍


(www.evisionnews.in) പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ വിവിധ നിരക്ക് വര്‍ദ്ധനകള്‍ പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധനയ്ക്ക് പിന്നാലെ സി.എന്‍.ജിയ്ക്കും വില കൂട്ടി. ഒരു കിലോ സിഎന്‍ജിക്ക് എട്ടുരൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ സിഎന്‍ജി നിരക്ക് 80 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ ഇത് 83 രൂപ വരെയായി ഉയരാനാണ് സാധ്യത.

റോഡുകളിലെ ടോള്‍ നിരക്കിലും മാറ്റം വന്നിട്ടുണ്ട്. ദേശീയപാതകളിലെ ടോള്‍ നിരക്ക് 10 ശതമാനം കൂട്ടി. ഇതോടെ 10 രൂപ മുതല്‍ 65 രൂപ വരെ അധികം നല്‍കേണ്ടിവരും. ഒരു മാസത്തേക്ക് എടുക്കുന്ന പാസ് നിരക്കിലും മാറ്റമുണ്ട്.

ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ദ്ധന വരുത്തി. ഇതുവഴി 200 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാരിന് മുന്നിലെ പ്രതീക്ഷ. അടിസ്ഥാന ഭൂനികുതിയില്‍ ഇരട്ടി വര്‍ദ്ധനയാണ് ഉള്ളത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലിനുള്ള ഫീസ് കൂട്ടി. ഡീസല്‍ വാഹനങ്ങളുടെ വിലയിലും വര്‍ദ്ധനയുണ്ട്. പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ നിലവില്‍ വന്നു.

ഇതിന് പുറമേ ശുദ്ധജലത്തിനും ഇനി മുതല്‍ കൂടുതല്‍ വില നല്‍കേണ്ടി വരും. 5 ശതമാനം വര്‍ദ്ധനയാണ് വെള്ളക്കരത്തിന് വരുത്തിയത്. 1000 ലിറ്ററിന് ഇനി മുതല്‍ 4 രൂപ 41 പൈസ നല്‍കണം. നേരത്തെ 4രൂപ 20 പൈസയായിരുന്നു.

പാരസെറ്റാമോള്‍ ഉള്‍പ്പടെ എണ്ണൂറോളം അവശ്യമരുന്നുകള്‍ക്കും ഇന്ന് മുതല്‍ വില കൂടും. മരുന്നുകള്‍ക്ക് 10.7 ശതമാനം വിലവര്‍ദ്ധനയാണ് നിലവില്‍ വരിക. ഭൂരിഭാഗം സാധാരണ രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന അവശ്യ മരുന്നുകള്‍ക്കും ഇതോടെ വില കുതിച്ചുയരും.

Related Posts

മരുന്നിനും കുടിവെള്ളത്തിനും വരെ വിലകൂടും; ഇന്നുമുതലുണ്ടാകുന്ന മാറ്റങ്ങള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.