Type Here to Get Search Results !

Bottom Ad

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സ്വീപ്പറും വിജിലന്‍സ് പിടിയില്‍


കാസര്‍കോട് (www.evisionnews.in): കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സ്വീപ്പറും വിജിലന്‍സ് പിടിയില്‍. കാസര്‍കോട് നെട്ടണിഗെ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസര്‍ എസ്.എല്‍ സോണിയും സ്വീപ്പര്‍ ശിവപ്രസാദുമാണ് രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായത്. മുള്ളേരിയ സ്വദേശി തന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പുതുതായി പണിത കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിന് സ്ഥലത്തിന്റെ സ്‌കെച്ചും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിന് ബെള്ളൂര്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. നിരവധി തവണ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പരാതിക്കാരന്‍ വില്ലേജ് ഓഫീസില്‍ എത്തി വില്ലേജ് ഓഫീസറെ സമീപിച്ചെങ്കിലും പലവിധ ഒഴിവുകള്‍ പറഞ്ഞ് നീട്ടി കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ കെട്ടിട നമ്പര്‍ അത്യാവശ്യമായി കിട്ടേണ്ടിയിരുന്നതിനാല്‍ കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ വില്ലേജ് ഓഫീസര്‍ സോണിയും സ്വീപ്പര്‍ ശിവപ്രസാദും രണ്ടായിരം രൂപയും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടു.

തുടര്‍ന്ന് പരാതിക്കാരന്‍ ഇക്കാര്യം കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് ഡപ്പ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.വി വേണുഗോപാലിനെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശ പ്രകാരം കെണിയൊരുക്കുകയും നെട്ടണിഗെ ഗ്രൂപ്പ് വില്ലേജ് ഓഫീസില്‍ പരാതിക്കാരനില്‍ നിന്ന് 2000രൂപ കൈക്കൂലി വാങ്ങിയ സ്വീപ്പറായ ശിവപ്രസാദിനെയും മദ്യം കൈക്കൂലിയായി വാങ്ങിയ വില്ലേജ് ഓഫീസറായ സോണിയെയും വിജിലന്‍സ് സംഘം കൈയോടെ പിടികൂടി.

വിജിലന്‍സ് സംഘത്തില്‍ കാസര്‍കോട്് വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പിയെ കൂടാതെ ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, സബ്-ഇന്‍സ്‌പെക്ടര്‍ മധു പി.പി, എ.എസ്.ഐമാരായ രാധാകൃഷ്ണന്‍, മധുസൂദനന്‍, സതീശന്‍, സുബാഷ് ചന്ദ്രന്‍, സി.പി.ഒമാരായ സതീഷന്‍, രഞ്ജിത്ത് കുമാര്‍, മനോജ്, പ്രദീപ്, ജയന്‍, പ്രമോദ്, പ്രിയ.കെ.നായര്‍, ഷീബ, ശ്രീനിവാസന്‍, കൃഷ്ണന്‍, രതീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad