Type Here to Get Search Results !

Bottom Ad

കരാര്‍ ഒപ്പുവെച്ചു കെല്‍ ഇ.എം.എല്‍ അടുത്ത മാസം തുറക്കും


കാസര്‍കോട് (www.evisionnews.in: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനമായ ബെദ്രടുക്കയിലെ കെല്‍ ഇ.എം.എല്‍ അടുത്ത മാസം തുറന്നു പ്രവര്‍ത്തിക്കും. തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങളില്‍ പോലും കുറവു വരുത്തിയാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകളില്‍ പലതും യൂണിയനുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു.
ഭെല്‍ ഇ.എം.എല്‍ ആയിരുന്ന സമയത്ത് മാനേജ്‌മെന്റുമായി ഒപ്പുവച്ച ശമ്പള വര്‍ദ്ധന കരാര്‍ നടപ്പിലാക്കുകയില്ല. പകരം നിലവില്‍ നല്‍കിക്കൊണ്ടിരുന്ന അഡ്‌ഹോക്ക് തുക പേഴ്‌സണല്‍ പേയായി നല്‍കും. നിലവില്‍ വിരമിക്കല്‍ പ്രായം 60 എന്നത് 58 ആയി കുറക്കും. അതിന്റെ ഫലമായി ഏപ്രില്‍ മാസത്തില്‍ കമ്പനി തുറക്കുമ്പോള്‍ 23 ജീവനക്കാര്‍ക്ക് ജോലി നഷടപ്പെടും. 2020 മാര്‍ച്ച് മാസം വരെയുള്ള ശമ്പള കുടിശ്ശിക ഉടന്‍ പണമായി നല്‍കുമെങ്കിലും 2020 ഏപ്രില്‍ മുതലുള്ള ശമ്പള കുടിശ്ശികയുടെ 35 ശതമാനം മാത്രമേ നല്‍കുകയുള്ളൂ.

കടുത്ത തൊഴിലാളി വിരുദ്ധ നിബന്ധനകള്‍ യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു. കരാര്‍ പ്രകാരം ജീവനക്കാര്‍ക്ക് വിദേശ അവധിക്കോ മറ്റു സ്ഥാപനങ്ങളിലേക്കും ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും ഡെപ്യൂട്ടേഷനോ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ലോക് ഡൗണ്‍ സമയത്ത് ജീവനക്കാര്‍ക്ക് ശമ്പളത്തിനോ മറ്റാനുകൂല്യങ്ങള്‍ക്കോ അര്‍ഹത ഉണ്ടായിരിക്കില്ല എന്ന വിവാദ നിബന്ധനയും സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു.

നിരവധി സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ 2021 മെയ് 11നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നത്. 77 കോടി രൂപ ചിലവില്‍ പുനരുദ്ധാരണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒന്നാം ഘട്ടമായി 20 കോടി രൂപ അനുവദിച്ചത് 2022 ജനുവരിയിലാണ്. ബാക്കി 57 കോടി രൂപ കൂടി അനുവദിച്ചെങ്കിലേ വിഭാവന ചെയ്ത രീതിയില്‍ സ്ഥാപനത്തെ നവീകരിക്കാന്‍ കഴിയുകയുള്ളൂ. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.

മാനേജ്‌മെന്റ്ിനെ പ്രതിനിധീകരിച്ച് ഡയരക്ടര്‍ കേണല്‍ (റിട്ട) ഷാജി വര്‍ഗ്ഗീസ്, യൂണിറ്റ് ഹെഡ് ജോസി കുര്യാക്കോസ്, യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.പി മുഹമ്മദ് അഷ്‌റഫ്, ടി.പി മുഹമ്മദ് അനീസ് (എസ്.ടി.യു) കെ.എന്‍.ഗോപിനാഥ്, വി. രത്നാകരന്‍ (സി.ഐ.ടി.യു) എ.വാസുദേവന്‍, വി. പവിത്രന്‍ (ഐ.എന്‍.ടി.യു.സി) കെ.ജി സാബു, ടി.വി ബേബി ( ബി.എം.എസ്) കരാറില്‍ ഒപ്പുവച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad