Type Here to Get Search Results !

Bottom Ad

എയിംസ് സമരം: ഏഴിന് 300 കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സംഗമം


കാസര്‍കോട് (www.evisionnews.in): എയിംസ് വിഷയത്തില്‍ കേരളം കേന്ദ്രത്തിനു നല്‍കിയ പ്രൊപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിയും എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു.

സമരത്തിനു പിന്തുണ അര്‍പ്പിക്കാനും ശക്തമാക്കാനും ഈമാസം ഏഴിന് സമര ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കും. ജില്ലയിലെ മൂന്നൂറ് കേന്ദ്ര ങ്ങളില്‍ വൈവിധ്യമാര്‍ന്ന സമര പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥി, യുവജന, തൊഴിലാളി സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വ ത്തിലായിരിക്കും സമരം. എന്‍ഡോസള്‍ഫാന്‍ വിഷം പൊള്ളിച്ച മണ്ണില്‍ എയിംസ് അനിവാര്യമാണെന്ന കാസര്‍കോടിന്റെ ശബ്ദം ഭരണാധികാരികളില്‍ എത്തിക്കും.

വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ ദയാബായി ഇന്ന് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. ഭാരതത്തിലെ മെഡിക്കല്‍ കോളേജുകളുടെ മെഡിക്കല്‍ കോളേജ് എന്നറിയപ്പെടുന്ന എയിംസ് കാസര്‍കോട് വേണമെന്നതാണ് ജനങ്ങളുടെ ആവശ്യം. എന്‍ഡോസള്‍ഫാന്‍ വിഷ ഭീകരതയില്‍ വ്യാപകമാകുന്ന രോഗാവസ്ഥയെ കണ്ടെത്താന്‍ ഇന്ത്യയില്‍ എയിംസ് അല്ലാതെ മറ്റു മാര്‍ഗമില്ല.

എയിംസ് ലഭിക്കണമെങ്കില്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കാസര്‍കോടിന്റെ പ്രൊപ്പൊസല്‍ കൊടുക്കണം. അല്ലാതെ എയിംസ് കേരളത്തിന് കിട്ടില്ല. കാസര്‍കോടിനെ ഒഴിവാക്കി നിര്‍ത്തുന്നത് മനപ്പൂര്‍വമാണ്. പ്രൊപ്പോസല്‍ നല്‍കുന്നതിന് സാങ്കേതികമായ യാതൊരു തടസവുമില്ല. പ്രൊപോസലില്‍ പേരിട്ട് കിട്ടിയാല്‍ ജില്ലക്ക് ഉറപ്പായും എയിംസ് ലഭിക്കും. അത്രക്കും അര്‍ഹത ജില്ലക്കുണ്ട്. അര്‍ഹതപ്പെട്ട ജില്ല എന്ന് സംസ്ഥാന സര്‍ക്കാരിന് അറിയാം. അര്‍ഹതപ്പെട്ട വരെ തഴയുന്നത് അന്യായവും അവകാശ ലംഘനവുമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഫറീന കോട്ടപ്പുറം, ഗണേശന്‍ അരമങ്ങാനം, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, നാസര്‍ ചെര്‍ക്കളം, ഷരീഫ് മുഗു പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad