Type Here to Get Search Results !

Bottom Ad

സന്ദീപിന്റെ കൊലപാതകം ബിജെപി - ആര്‍എസ്എസ് ആസൂത്രണമെന്ന് കോടിയേരി, കുടുംബത്തെ സിപിഎം സംരക്ഷിക്കും


കേരളം (www.evisionnews.in):തിരുവല്ല പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലയ്ക്ക് പിന്നില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി - ആര്‍എസ്എസ് വളരെ ആസൂത്രിതമായി നടത്തിയ അത്യന്തം നിഷ്ഠൂരമായ കൊലപാതകമാണ് സന്ദീപിന്റേത് എന്ന് അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാം കണ്ടെത്തണം. കൊല്ലപ്പെട്ട സന്ദീപിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ പ്രദേശങ്ങളില്‍ ഉള്ള ആളുകളെ ഏകോപിപ്പിച്ചു കൊണ്ട് ആര്‍എസ്എസ് നടത്തിയ കൊലപാതകം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയാക്കാനാണ് അവരുടെ ശ്രമം. കേസന്വേഷണം അട്ടിമറിക്കാനാണ് ബിജെപി നേതൃത്വം ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. സിപിഎമ്മുകാര്‍ മരിച്ചാല്‍ വ്യജപ്രചാരണം നടത്തുന്നത് അവരുടെ പതിവാണ്. ആര്‍എസ്എസ് അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം. സിപിഎമ്മിന്റേത് സമാധാനത്തിന്റെ പാതയാണ്. സമാധാന അന്തരീക്ഷം നിലനില്‍ത്താന്‍ വേണ്ടത് സിപിഎം ചെയ്യുമെന്നും, അത് പാര്‍ട്ടിയുടെ ദൗര്‍ബല്യമായി കണ്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സന്ദീപിന്റെ കുടുബത്തിന് സിപിഎം എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് കോടിയേരി അറിയിച്ചു. കുടുബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കും. സന്ദീപിന്റെ ഭാര്യയ്ക്ക് സ്ഥിര വരുമാനമുള്ള ജോലി ഉറപ്പാക്കും. കുട്ടികളുടെ പഠനത്തിനും മറ്റ് സാമ്പത്തിക സഹായത്തിനും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി മുന്‍കൈ എടുക്കും.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ ഒരു സംഘം ആളുകള്‍ ബൈക്കിലെത്തി കൊലപ്പെടുത്തിയത്. സന്ദീപിന്റെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് എഫ്ഐആറിലുള്ളത്. കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സിപിഎം നേതാക്കള്‍ക്ക് വിവരം നേരത്തെ അറിയാമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad