Type Here to Get Search Results !

Bottom Ad

പൂട്ടിയ ആസ്ട്രല്‍ വാച്ചസ് കമ്പനി നിലനിന്നിടത്ത് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി തുടങ്ങാന്‍ ആലോചന


കാസര്‍കോട് (www.evisionnews.in): പൂട്ടിപ്പോയ ആസ്ട്രല്‍ വാച്ചസ് കമ്പനി നിലനിന്നിരുന്ന നെല്ലിക്കുന്ന് ബീച്ച് റോഡില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായി വ്യവസായ മന്ത്രി പി. രാജീവ് നിയമസഭയില്‍ ചോദ്യത്തിനുള്ള മറുപടിയായി വ്യക്തമാക്കിയതായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പെ പ്രവര്‍ത്തനം നിലച്ച കമ്പനി സ്ഥലത്ത് പുതിയ സംരംഭം തുടങ്ങണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് അനുകൂല പ്രതികരണം.

കെട്ടിടത്തില്‍ സംരംഭകര്‍ക്ക് ആഴശ്യമായ രീതിയില്‍ വൈദ്യുതി, ജലം, മറ്റു പൊതുസൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ വിഭാവനം ചെയ്തിരുന്നു. എന്നാല്‍ പ്രദേശത്തിന്റെ വ്യാവസായിക ആവശ്യങ്ങള്‍ മനസിലാക്കി അതിനു അനുയോജ്യമായി സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ കമ്പനി നിര്‍മിക്കണോ അതോ ഭൂമി തന്നെ വികസിപ്പിക്കണോ എന്നു തീരുമാനിക്കുന്നതിന് വിശദമായ പഠനത്തിന് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നു. തുടര്‍നടപടിയെന്നോണം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് എന്ന ഏജന്‍സിയെ പഠനം നടത്താന്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും വിശദമായ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

1978ലാണ് വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സബ്‌സിഡറി കമ്പിയായി ആസ്ട്രല്‍ വാചസ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. എച്ച്എംടി കമ്പനിക്ക് വേണ്ടി വാച്ചുകള്‍ സംയോജിപ്പിച്ച് കൊടുക്കുകയാണ് ആസ്ട്രല്‍ വാച്ചസ് കമ്പനി ചെയ്തിരുന്നത്. എച്ച്എംടി കമ്പനിയില്‍ നിന്നുള്ള ഓര്‍ഡറുകളില്‍ കുറവു വന്നതിനെ തുടര്‍ന്ന് കമ്പനി നഷ്ടത്തിലാവുകയും വൈവിധ്യ വല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് 2002 നവംബര്‍ അഞ്ചിന് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയത്.

കാസര്‍കോട് ആസ്ട്രല്‍ വാച്ചസ് കമ്പനി പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിങ്ങളും സിഎച്ച് മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ് (എസ്ഐഎംസി) എന്ന സ്ഥാപനത്തിന് പതിച്ചുനല്‍കാന്‍ ഒരുതവണ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. 1.99 ഏക്കര്‍ സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥാവകാശം കെഎസ്ഐഡിസിയുടെ പേരിലാണ്. കമ്പനി സ്ഥലം വെറുതെ കിടക്കുന്നതിന് പകരം ടെക്‌നോളജി പാര്‍ക് അടക്കമുള്ള മറ്റേതെങ്കിലും സംരംഭങ്ങള്‍ തുടങ്ങാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad