Type Here to Get Search Results !

Bottom Ad

കേരളത്തില്‍ നിന്ന് പെട്രോള്‍ അടിക്കുന്നില്ല: അതിര്‍ത്തി പമ്പുകളില്‍ വ്യാപാരം മൂന്നിലൊന്നായി കുറഞ്ഞു; കടത്ത് വ്യാപകമെന്നും ഉടമകള്‍


കാസര്‍കോട് (www.evisionnews.in): കേരളത്തില്‍ ഇന്ധനവില ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിനാല്‍ വാഹനങ്ങളില്‍ പെട്രോളും ഡീസലും നിറയ്ക്കാന്‍ അതിര്‍ത്തിക്കപ്പുറത്തെ പമ്പുകളില്‍ തിരക്കേറുന്നു. അയല്‍ സംസ്ഥാനങ്ങളിലെ വാഹനങ്ങളും അതിര്‍ത്തി പ്രദേശത്തെ കേരള വാഹനങ്ങളും കേരളത്തില്‍ നിന്ന് പെട്രോള്‍ അടിക്കുന്നില്ല. അതിര്‍ത്തി ഗ്രാമങ്ങള്‍ പൂര്‍ണമായും കര്‍ണാടക പമ്പുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ കേരളാതിര്‍ത്തിയിലെ പമ്പുടമകള്‍ കടുത്ത പ്രതിസന്ധിയിലായി.

ഇന്ധന വിലയിലെ വലിയ വ്യത്യാസമാണ് വാഹനമുടമകള്‍ അതിര്‍ത്തി കടക്കാന്‍ കാരണം. കേന്ദ്രത്തിനു പിന്നാലെ കര്‍ണാടക സര്‍ക്കാറും വാറ്റ്  കുറച്ചതോടെയാണ് കാര്യമായ വിലക്കുറവ് അനുഭവപ്പെട്ടത്. കാസര്‍കോട് ജില്ലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് ആറും ഒമ്പതും രൂപയോളം വിലവ്യത്യാസമുണ്ട് കര്‍ണാടക പമ്പുകളില്‍. കര്‍ണാടക അതിര്‍ത്തി പമ്പുകളില്‍ പെട്രോള്‍ ലിറ്ററിന് 99.90 രൂപയാണ് ചൊവ്വാഴ്ച്ചയിലെ വില. കാസര്‍കോട് ജില്ലാതിര്‍ത്തിയിലാവട്ടെ പെട്രോളിന് 105.47 രൂപയും. അതായത് ഒരു ലിറ്ററില്‍ 5.57 രൂപയുടെ വിലക്കുറവ്. ഡീസലിന് കര്‍ണാടക പമ്പുകളില്‍ 84.36 ഉം കാസര്‍കോട് അതിര്‍ത്തി പ്രദേശത്ത് 92.67ഉം രൂപയാണ് ചൊവ്വാഴ്ചയിലെ വില. ലിറ്ററിന് 8.31 രൂപയുടെ വ്യത്യാസം.

അതേസമയം അതിര്‍ത്തിക്കിപ്പുറം വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ വലിയ രീതിയില്‍ കേരളത്തിലേക്ക് ഇന്ധനക്കടത്ത് നടക്കുന്നതായി പമ്പുടമകള്‍ പറയുന്നു. ആയിരം ലിറ്റര്‍ പെട്രോള്‍ കടത്തിയാല്‍ ഒമ്പതിനായിരം രൂപ ലാഭിക്കാമെന്ന സ്ഥിതിയാണ്. ഇതോടെ അതിര്‍ത്തി കടന്ന് പെട്രോള്‍ ഒഴുകുന്നു. ഇന്ധനകടത്തും നിര്‍ബാധം തുടരുന്നതോടെ അതിര്‍ത്തി മേഖലയിലെ പമ്പുകള്‍ നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിയിലാണ്.

ഈമാസം അഞ്ചിനാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. കേന്ദ്രം കുറച്ചതിന് പിന്നാലെ കര്‍ണാടക, തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ വാറ്റ് കുറച്ചെങ്കിലും കേരളം കുറയ്ക്കാന്‍ തയാറാതിരുന്നതാണ് വില വ്യത്യാസം തുടരുന്നത്. ഇതോടെ കേരളത്തിലെ പമ്പുകളില്‍ വ്യാപാരം കുറഞ്ഞതായി ഉടമകള്‍ പറയുന്നു. അതിര്‍ത്തിയോടു ചേര്‍ന്ന് തലപ്പാടി, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക, ബദിയടുക്ക, മുള്ളേരിയ  തുടങ്ങിയിടങ്ങളിലെ പെട്രോള്‍ പമ്പുകളിലെ വ്യാപാരം മൂന്നിലൊന്നായി കുറഞ്ഞതായി ഉടമകള്‍ പറയുന്നു. ആറായിരം ലിറ്റര്‍ വ്യാപാരം നടത്തിയിരുന്നിടത്ത് ആയിരവും രണ്ടായിരവുമായി ചുരുങ്ങിയ പമ്പുകളുമുണ്ട് അതിര്‍ത്തിയില്‍. ദേശീയ പാതയിലെ ചരക്കുലോറികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ മംഗളൂരുവില്‍നിന്ന് എണ്ണ ടാങ്ക് ഫുള്ളാക്കിയാണ് കേരളത്തിലേക്ക് കടക്കുന്നത്.

അതിര്‍ത്തി മേഖലയിലെ പെട്രോള്‍ പമ്പുകളില്‍ എഴുപതു ശതമാനത്തോളം വില്‍പ്പന കുറഞ്ഞതായി പമ്പുടമ ഇഖ്ബാല്‍ കിന്നിംഗാര്‍ പറയുന്നു. 8000 ലിറ്റര്‍ വില്‍പ്പന നടക്കുന്നിടത്ത് 2500-2000 വരെയാണിപ്പോള്‍. വരുമാനം കുറഞ്ഞതോടെ പമ്പ് അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. പുറമെ, ഇന്ധന കള്ളക്കടത്തും വ്യാപകമാണ്. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് കടത്ത് വിലക്കിയാല്‍ അതിര്‍ത്തി മേഖലയിലെ പമ്പുകള്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാകുമെന്നും ഇഖ്ബാല്‍ പറയുന്നു. 


Post a Comment

0 Comments

Top Post Ad

Below Post Ad