Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് പഠനറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും; പ്രതിരോധ ശേഷിയുടെ തോതറിയാം


കേരളം (www.evisionnews.in): സംസ്ഥാനത്ത് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തുന്ന സിറോ പ്രിവിലന്‍സ് പഠനറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. എത്ര പേര്‍ കൊവിഡ് പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്ന് വ്യക്തമാകാന്‍ സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തുന്ന സര്‍വേയാണിത്. സംസ്ഥാനത്താകെ മുപ്പതിനായിരത്തില്‍പ്പരം ആളുകളില്‍ നടത്തിയ കൊവിഡ് പ്രതിരോധന ആന്റിബോഡി പരിശോധനാ ഫലമാണ് സിറോ സര്‍വേ ഫലം. സര്‍വേ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. വാക്സിനേഷനിലൂടെയും രോഗം വന്നും എത്രപേര്‍ക്ക് കൊവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് പഠനത്തിലൂടെ കണ്ടെത്താന്‍ സാധിക്കും.

ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും കഴിയും. ഇതിലൂടെ കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും കഴിയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആരോഗ്യ വകുപ്പ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നത്. ഈ പഠനത്തിനായി ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിന്‍ ജി ആന്റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വെയിലൂടെ ചെയ്യുന്നത്. കൊവിഡ് വന്ന് പോയവരില്‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സിറോ പോസിറ്റീവ് എന്നുപറയും.

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, 5 വയസിനും 17 വയസിനും ഇടയ്ക്കുള്ള കുട്ടികള്‍, 18 വയസിന് മുകളിലുള്ള ആദിവാസികള്‍, തീരദേശത്തുള്ളവര്‍, നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരിലാണ് പരിശോധന നടത്തുന്നത്. ഈ പഠനത്തിലൂടെ വിവിധ ജന വിഭാഗങ്ങളുടെയും വാക്സിന്‍ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാന്‍ സാധിക്കുന്നു. കൂടാതെ രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും കണക്കാക്കാനും കഴിയും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad