ദേശീയം (www.evisionnews.in): പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. മറ്റൊരു പ്രതി അലന്‍ ഹുഷൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് റസ്തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്രാജാണ് താഹക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണ് എന്നാണ് അദ്ദേഹം വാദിച്ചിരുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് എന്‍ഐഎക്ക് വേണ്ടി ഹാജരായത്.
നിരോധിത സംഘടനയില്‍പ്പെട്ട യുവാക്കാള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു എന്‍ഐഎയുടെ വാദം. താഹയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉമ്മ ജമീല പറഞ്ഞു. മകന്റെ പഠനം മുടങ്ങി. ജയിലില്‍ പഠിക്കാന്‍ സൗകര്യമില്ലായിരുന്നു. നാട്ടുകാരായ പാര്‍ട്ടിക്കാരുടെ സഹായം ലഭിച്ചു. കൂടെ നിന്നവരോടെല്ലാം നന്ദിയുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് താഹയും പ്രതികരിച്ചു. 2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് ജാമ്യം അനുവദിച്ചു
4/
5
Oleh
evisionnews