Type Here to Get Search Results !

Bottom Ad

നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ല: ഓട്ടോയില്‍ നിന്ന് ചാടിയ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്: ഡ്രൈവര്‍ക്കെതിരെ കേസ്


ചെമ്മനാട് (www.evisionnews.in): ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ ചാടിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ഥിനികളുടെ മൊഴിപ്രകാരമാണ് കേസ്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികള്‍ തിങ്കളാഴ്ച രാവിലെയാണ് ഓട്ടോയില്‍ നിന്ന് ചാടിയത്. പരിക്കേറ്റ വിദ്യാര്‍ഥിനികള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. പരീക്ഷയെഴുതുന്നതിനായി സ്‌കൂളില്‍ പോകാന്‍ രണ്ട് പെണ്‍കുട്ടികളും കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ നിന്നാണ് ഓട്ടോയില്‍ കയറിയത്.

ചെമ്മനാട് സ്‌കൂളിനടുത്ത് എത്തിയിട്ടും ഓട്ടോറിക്ഷ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഭയക്കുകയും ആദ്യം ഒരു വിദ്യാര്‍ഥിനി ചാടുകയുമായിരുന്നു. ശബ്ദം കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ പെണ്‍കുട്ടിയും ചാടി. ഇതിനിടെ വണ്ടി നിര്‍ത്തി. ആളുകള്‍ ഓടിക്കൂടി വിദ്യാര്‍ഥിനികളെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ കാസര്‍കോട് ടൗണ്‍ പൊലീസ് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ സിഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആസ്പത്രിയിലെത്തി പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍ തങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായി സംശയിക്കുന്നുവെന്നായിരുന്നു പെണ്‍കുട്ടികളുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. 

എന്നാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടില്ലെന്നും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ ഫൈബര്‍ ഷീല്‍ഡ് ഘടിപ്പിച്ചതിനാല്‍ ചെമ്മനാട് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് കേട്ടില്ലെന്നുമാണ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. മേല്‍പറമ്പിലാണ് കുട്ടികള്‍ക്ക് ഇറങ്ങേണ്ടതെന്നാണ് താന്‍ കരുതിയതെന്നും ഡ്രൈവര്‍ പറയുന്നു. ഏത് സാഹചര്യത്തിലാണ് പെണ്‍കുട്ടികള്‍ ഓട്ടോ റിക്ഷയില്‍ നിന്ന് ചാടിയതെന്നതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad