Type Here to Get Search Results !

Bottom Ad

റിയല്‍ എസ്റ്റേറ്റ് ബിസിനസ് തട്ടിപ്പ്: ഇടനിലക്കാരനെ റിമാന്‍ഡ് ചെയ്തു


കാസര്‍കോട് (www.evisionnews.in): റിയല്‍ എസ്റ്റേറ്റ് ബിസിനസ് തട്ടിപ്പ് നടത്തി അറസ്റ്റിലായ ഇടനിലക്കാരനെ കോടതി റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ചൂരിയിലെ മുഹമ്മദ്സത്താര്‍ (49) നെയാണ് കാസര്‍കോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ആലംപാടി ബാഫഖി നഗറില്‍ ഏഴ് സെന്റ് സ്ഥലവും ഒരുനില വീടും ഉളിയത്തടുക്കയിലെ സമീറിന് 28 ലക്ഷം രൂപക്ക് വില്‍പ്പന നടത്തി 20 ലക്ഷം രൂപ കൈപ്പറ്റുകയും തുടര്‍ന്ന് കബളിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് സത്താറിനെ റിമാന്‍ഡ് ചെയ്തത്. സമീറിന്റെ ഭാര്യ മാതാവ് ബീഫാത്തിമയില്‍ നിന്നാണ് സത്താര്‍ 20 ലക്ഷം രൂപ കൈപറ്റിയത്. കഴിഞ്ഞ ദിവസം ബീഫാത്തിമയുടെ വാദം കൂടി കേട്ടാണ് കോടതി സത്താറിനെ റിമാന്‍ഡ് ചെയ്തത്.

സമാന രീതിയില്‍ സത്താര്‍ മേല്‍പറമ്പിലെ സമീര്‍ എന്ന യുവാവില്‍ നിന്ന് 10 ലക്ഷം രൂപയും നെല്ലിക്കുന്ന് സ്വദേശി ശാഫി എന്നയാളില്‍ നിന്ന് 10 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതികളുണ്ട്. ചൂരി മീപ്പുഗിരിയിലെ ജിയാ സൂപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്ണര്‍ നൗഷാദിന്റെ സഹോദര ഭാര്യയുടേയും, മറ്റൊരു സഹോദരന്റെ മകന്റെയും പേരിലുള്ള 21.5 സ്ഥലത്തിന്റെ രേഖകളും ഇവയിലുള്ള മൂന്ന് വീടുകളും കാണിച്ചാണ് സത്താര്‍ മൂന്ന് പേരില്‍ നിന്നും പണം കൈപറ്റിയത്.

നൗഷാദിന്റെ ബിസിനസ് പാര്‍ട്ട്ണര്‍ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കച്ചവടം ഉറപ്പിച്ച 28 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപ കൈപറ്റിയ ശേഷം എട്ട് ലക്ഷം രൂപക്ക് എട്ട് മാസം അവധി നല്‍കുകയും തുക നല്‍കുന്ന ദിവസം ആധാരം രജിസ്റ്റര്‍ ചെയ്തു തരുമെന്നും വാഗ്ദാനം നല്‍കി വീട് താമസത്തിന് സമീറിന്റെ കുടുംബത്തിന് 2020 സെപ്റ്റംബറില്‍ വിട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്ഥലവും വീടും രജിസ്റ്റര്‍ ചെയ്യാന്‍ സമീറിന്റെ കുടുംബം ഒരുങ്ങിയതോടെയാണ് തങ്ങള്‍ തട്ടിപ്പില്‍ കുടുങ്ങിയതായി ഇവര്‍ തിരിച്ചറിഞ്ഞത്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ ബീഫാത്തിമയും കുടുംബവും ഒരു മാസത്തോളം സത്താറിന്റെ വീടിന് മുമ്പില്‍ സമരം നടത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad