Type Here to Get Search Results !

Bottom Ad

മഴക്കെടുതി: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം മൂന്നായി; ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കാസര്‍കോട് മഞ്ഞ


കേരളം (www.evisionnews.in): സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുട്ടികളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയിലാണ് തോട്ടില്‍ വീണ് വയോധികന്‍ മരിച്ചത്. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് അപകടത്തില്‍ പെട്ടത്. തോട് മുറിച്ചുകടക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയില്‍ തോട്ടില്‍ വെള്ളം ഉയര്‍ന്നിരുന്നു.

കനത്ത മഴയില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ മാതംകുളം എന്ന സ്ഥലത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകര്‍ന്നത്. ഇദ്ദേഹത്തിന്റെ മകള്‍ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സമീപത്ത് പണി നടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതില്‍ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. നാട്ടുകാരും അഗ്‌നിശമനസേനയും എത്തി കുട്ടികളുടെ ശരീരം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി.

അതേസമയം മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2371002, ടോള്‍ ഫ്രീ നമ്പര്‍: 1077. കേരളത്തില്‍ ഇന്ന് മഴ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad