Type Here to Get Search Results !

Bottom Ad

ഗുരുതരമായ കുറ്റത്തിന് ശിക്ഷിച്ച പ്രിന്‍സിപ്പലിന് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം: പണിഷ്‌മെന്റുകള്‍ ജില്ലയിലേക്ക് തള്ളുന്നതിനെതിരെ പ്രതിഷേധം


കാസര്‍കോട് (www.evisionnews.in): ഗുരുതരമായ കൃത്യവിലോപത്തിന് ശിക്ഷിച്ച പ്രിന്‍സിപ്പലിന് പാലക്കാട്ട് നിന്നും കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം. നിരന്തര മൂല്യ നിര്‍ണയത്തിനുള്ള മാര്‍ക്ക് മനപ്പൂര്‍വം വെട്ടിക്കുറിച്ചതായും മറ്റു അധ്യാപകരോട് മാര്‍ക്ക് കുറക്കാന്‍ നിര്‍ദേശിച്ചതായും ആരോപിച്ച് പ്ലസ്ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പാലക്കാട് ജില്ലയിലെ അഗളി ജിവിഎച്ച്എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി ഹേമലതയെയാണ് കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത്.

വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് ഹയര്‍സെക്കന്ററി അക്കാദമിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാനടപടി. സ്‌കൂളില്‍ അധ്യാപകരുടെ ഐക്യം സംരക്ഷിക്കുന്നതിനും വിദ്യാര്‍ഥികളോട് നിഷ്പക്ഷമായും മാന്യമായും പെരുമാറുന്നതിലും പരാജയപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പ്രിന്‍സിപ്പലിന് സഹാധ്യാപകയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് അവരുടെ മകളായ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മാര്‍ക്ക് അകാരണമായി കുറച്ചതിന് പിന്നില്‍. വിദ്യാലയത്തില്‍ പ്രിന്‍സിപ്പലെന്ന നിലയില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും സമാധാന്തരീക്ഷം സൃഷ്ടിക്കുന്നതിലും പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടുള്ളതായും പ്രിന്‍സിപ്പലിന്റെ മാനസിക പീഡനംമൂലം വിദ്യാര്‍ഥിനി ആത്മഹത്യാഭീഷണി മുഴക്കിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പട്ടിക വര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രഥമാധ്യാപിക വംശീയമായി പട്ടിക വിഭാഗം വിദ്യാര്‍ഥികളെ അവഹേളിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതു ഒരിക്കലും അംഗീകരിക്കാനാവാത്ത ഗുരുതരമായ തെറ്റാണെന്നും ജോ. സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. നേരത്തെ ക്രിമിനല്‍ മനോഭാവമുള്ള, സ്ത്രീയെ അപമാനിച്ചതടക്കം ഗുരുതരമായ അച്ചടക്ക നടപടിക്ക് വിധേയമായ ഉദ്യോഗസ്ഥരെ കാസര്‍കോടേക്ക് സ്ഥലംമാറ്റിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad