Type Here to Get Search Results !

Bottom Ad

കുഡ്ലു ബാങ്കില്‍ നിന്നും കൊള്ളയടിച്ച 15.86 കിലോഗ്രാം പണയ സ്വര്‍ണാഭരണങ്ങള്‍തിരികെ ഉടമകള്‍ക്ക് നല്‍കാന്‍ നടപടി


കാസര്‍കോട് (www.evisionnews.in): ബാങ്കില്‍ നിന്നു കൊള്ളയടിച്ച ശേഷം പിടികൂടിയ തൊണ്ടിമുതല്‍ സ്വര്‍ണം കേസ് വിസ്താരം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ കോടതിയില്‍ നിന്ന് ബാങ്ക് ഏറ്റെടുത്ത് ഉടമകള്‍ക്ക് നല്‍കാന്‍ നടപടി. കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു കൊള്ളയടിച്ച 15.86 കിലോഗ്രാം പണയ സ്വര്‍ണാഭരണങ്ങളാണ് ബാങ്ക് ഏറ്റെടുത്ത് ഉടമകള്‍ക്കു തിരികെ നല്‍കുക. സ്വര്‍ണം ബാങ്കില്‍ പണയം വച്ച 905 ഇടപാടുകാര്‍ക്കാണ് സ്വര്‍ണ പണ്ടം നല്‍കാനുള്ളത്. മോഷണം നടന്ന് രണ്ടാഴ്ചയ്ക്കകം തന്നെ പോലീസ് പ്രതികളെ പിടികൂടി സ്വര്‍ണം കണ്ടെടുത്തിരുന്നു.

കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതാണ് അഞ്ചു കോടിയിലേറെ വിപണി മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങള്‍. ഇതിന്റെ പടമെടുത്ത് ആല്‍ബമാക്കി കോടതിയില്‍ നല്‍കിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ ബാങ്കിന് എടുക്കാമെന്നു ബാങ്ക് അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂലൈ 16ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അധികൃതര്‍ കാസര്‍കോട് കോടതിയില്‍ എത്തി കോടതി അധികൃതരുടെ സാന്നിധ്യത്തില്‍ ആഭരണങ്ങളുടെ പടം എടുത്ത് 1030 പടങ്ങള്‍ അടങ്ങിയ ആല്‍ബമാക്കി ശനിയാഴ്ച കോടതി മുമ്പാകെ സമര്‍പ്പിക്കും. തുടര്‍ന്നു ബാങ്കിനു തിരിച്ചു കിട്ടുന്ന പണയ സ്വര്‍ണാഭരണങ്ങള്‍ രണ്ടാഴ്ചയ്ക്കകം ഇടപാടുകാര്‍ക്കു നല്‍കുമെന്നു ബാങ്ക് അധികൃതര്‍ പറഞ്ഞു.

2015 സെപ്തംബര്‍ 7ന് ഉച്ചയ്ക്ക് 2നാണ് ഒരു സംഘം ബാങ്കില്‍ തോക്കു ചൂണ്ടി രണ്ടു ജീവനക്കാരികളെയും കെട്ടിയിട്ട് ലോക്കറില്‍ നിന്ന് 17.684 കിലോഗ്രാം പണയ സ്വര്‍ണാഭരണങ്ങളും 12.5 ലക്ഷം രൂപയും കൊള്ളയടിച്ചത്. അന്വേഷണം നടത്തിയ പോലീസ് സംഘം രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടി 15.860 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 12.15 ലക്ഷം രൂപയും കണ്ടെടുക്കുകയായിരുന്നു. ഒന്നാം പ്രതി ബന്തിയോട് പച്ചമ്പലം മുഹമ്മദ് ഷരീഫിന്റെ വീടിലെ തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ട നിലയിലാണ് 2015 സെപ്റ്റംബര്‍ 17ന് 55 കവറുകളില്‍ ഉള്ള പണയ സ്വര്‍ണം പോലീസ് കണ്ടെടുത്തത്. കേസില്‍ എട്ടു പ്രതികളാണുള്ളത്. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച തൊണ്ടി മുതല്‍ വീണ്ടെടുത്തു നല്‍കണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ ബാങ്കിനു മുന്നില്‍ സമരം ഉള്‍പ്പെടെ നടത്തിയപ്പോള്‍ ഇത് വിട്ടു കിട്ടാന്‍ ബാങ്ക് അധികൃതര്‍ കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ രൂപമാറ്റം വരുത്താതെയും കൈമാറ്റം ചെയ്യാതെയും ബാങ്കിനു സൂക്ഷിക്കാം എന്നായിരുന്നു 2018 മേയില്‍ കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധിയുണ്ടായത്. ഇതിനെതിരെ കേസ് ഉടന്‍ തീര്‍പ്പാക്കണമെന്ന അപേക്ഷയുമായി ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് നാലു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാങ്കേതിക കാരണങ്ങളാല്‍ ഇത് നടന്നില്ല.

കേസിന്റെ വിചാരണ രണ്ടു വര്‍ഷം മുമ്പാണ് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. എട്ടു പ്രതികളും ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ 140 സാക്ഷികളും ഉള്ള കേസില്‍ ഇതിനകം 22 സാക്ഷികളെയാണ് വിസ്തരിച്ചത്. ബാങ്കില്‍ ചെന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 2 ജീവനക്കാരികളെ കെട്ടിയിട്ട പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഇതില്‍ ഒരു പ്രതി എറണാകുളം സ്വദേശി ഫെനിക്‌സ് നെറ്റോ പിന്നീട് ഹാജരാകാത്തതിനാല്‍ കോടതി അറസ്റ്റ് വാറന്റ് ഉത്തരവിട്ടിട്ടുണ്ട്. ബാങ്കില്‍ നിന്നു പണയ സ്വര്‍ണം കൊള്ളയടിക്കുന്ന ദിവസം വരെയുള്ള പലിശ മാത്രമായിരിക്കും ഇടപാടുകാരില്‍ നിന്ന് ഈടാക്കുക. മോഷണം പോയതില്‍ തിരികെ കിട്ടാത്ത രണ്ടു കിലോയോളം വരുന്ന പണയ സ്വര്‍ണാഭരണങ്ങള്‍ ഉടമകള്‍ക്കു നല്‍കാന്‍ ഇന്‍ഷുറന്‍സ് തുക വിനിയോഗിക്കും. എരിയാല്‍ ദേശീയപാതയിലുള്ള ബാങ്ക് കെട്ടിടം പാത വികസനത്തിനു പൊളിച്ചു നീക്കുന്ന നടപടികള്‍ക്കിടെ ആണ് ബാങ്കിനു അനുകൂലമായ ഹൈക്കോടതി വിധി ഉണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad