Type Here to Get Search Results !

Bottom Ad

കെട്ടിട നിര്‍മാണ പെര്‍മിറ്റ്; പുതിയ സോഫ്റ്റ് വെയര്‍ ധൃതിപിടിച്ച് നടപ്പിലാക്കരുത്: കാസര്‍കോട് നഗരസഭ


കാസര്‍കോട് (www.evisionnews.in): പൂര്‍ണമായി സജ്ജീകരിക്കാതെയും സിവില്‍ എഞ്ചീനിയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാതെയും നഗരസഭകളില്‍ ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയര്‍ നടപ്പിലാക്കുന്നത് അപേക്ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍. കെട്ടിട നിര്‍മാണത്തിനുള്ള അനുമതി നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് പുതിയ സംവിധാനം പൂര്‍ണമായി സജ്ജീകരിക്കുന്നതു വരെ നിലവിലെ സംവിധാനം തുടരാന്‍ നഗരസഭകളെ അനുവദിക്കണം. സോഫ്റ്റ് വെയര്‍ നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ഇതുവഴി അപേക്ഷ നല്‍കണമെങ്കില്‍ കോഴിക്കോട് അര്‍ബന്‍ അഫയേഴ്‌സ് രജിസ്‌ട്രേഷന്‍ ചെയ്ത സിവില്‍ എഞ്ചിനിയര്‍മാര്‍ മുഖേന മാത്രമേ സാധിക്കൂ. ഭൂരിഭാഗം എഞ്ചീനിയര്‍മാരും രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ല. പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ ആവശ്യമായ പരിജ്ഞാനവും മികച്ച കംപ്യൂട്ടര്‍ സംവിധാനവും ഒരുക്കേണ്ടതുണ്ട്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തത് അപേക്ഷകള്‍ നല്‍കുന്നതിനും തടസമുണ്ടാക്കുന്നു.

കെട്ടിട നിര്‍മാണ അപേക്ഷകള്‍ പരിശോധിച്ച് ചട്ടങ്ങളുടെ ലംഘനം ഉദ്യോഗസ്ഥതല പരിശോധനയില്ലാതെ തന്നെ ജിപിഎസുമായി ബന്ധപ്പെടുത്തി നിശ്ചിത നിര്‍മാണ സ്ഥലം കണ്ടെത്താനുള്ള സംവിധാനം ഇതിലുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ അതിന്റെ ഉപയോഗം കിട്ടാത്ത സാഹചര്യമാണുള്ളതെന്നാണ് അറിയുന്നത്. ഇക്കാര്യം പരിശോധി ക്കുന്നതിനും പൂര്‍ണമായ രീതിയില്‍ ഐബിപിഎംഎസ് സംവിധാനമൊരുക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും നടപടിയുണ്ടാകണമെന്നും അതുവരെ നിലവിലുള്ള സംവിധാനം തുടരുന്നതിന് അനുമതി നല്‍കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, നഗരകാര്യ ഡയറക്ടര്‍, എല്‍എസ്ജിഡി ചീഫ് എഞ്ചിനിയര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad