Type Here to Get Search Results !

Bottom Ad

കിഡ്സ് പദ്ധതിക്ക് അംഗീകാരം: കാസര്‍കോട് ജില്ലയില്‍ തുടങ്ങുന്നത് ഒമ്പത് ഡയാലിസിസ് കേന്ദ്രങ്ങള്‍


കാസര്‍കോട് (www.evisionnews.in): ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ചേര്‍ന്ന് വൃക്ക രോഗികള്‍ക്കായി തയാറാക്കുന്ന കാസര്‍കോട് ഇനിഷ്യേറ്റീവ് ഫോര്‍ ഡയാലാസിസ് സൊസൈറ്റിക്ക് (കിഡ്സ്) സംസ്ഥാന ഏകോപന സമിതിയുടെ അംഗീകാരം. ജില്ലയിലെ ഒമ്പതു കേന്ദങ്ങളില്‍ ഡയാലിസിസ് സൗകര്യമൊരുക്കി പാവങ്ങളായ വൃക്കരോഗികള്‍ക്ക് ആശ്വാസമേകുന്നതാണ് പദ്ധതി. ജില്ലയുടെ തനത് പദ്ധതിയെന്ന നിലയില്‍ അംഗീകാരം ലഭിച്ചതോടെ ഒമ്പത് ഇടങ്ങളിലും നവംബര്‍ അഞ്ചിനകം മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.

ഡയാലിസിസ് കേന്ദ്രങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/ നഗരസഭാ അധ്യക്ഷന്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വൈസ് ചെയര്‍മാനും മെഡിക്കല്‍ ഓഫീസര്‍മാര്‍/ സൂപ്രണ്ടുമാര്‍ കണ്‍വീനര്‍മാരുമായാണ് മാനേജ്മെന്റ് കമ്മിറ്റി നിലവില്‍ വരിക. ഓരോ കേന്ദ്രങ്ങളുടെയും പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായും പ്രവര്‍ത്തിക്കും. നവംബര്‍ 15നകം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നടത്തി രോഗികള്‍ക്ക് സേവനം ലഭ്യമാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.

നീലേശ്വരം, മുളിയാര്‍, പെരിയ എന്നിവിടങ്ങളില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള ജലപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പുടംകല്ല്, ബദിയടുക്ക എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നു. മറ്റു നാല് കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാണ്. രണ്ടിടത്ത് റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് വേഗത്തില്‍ പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്ററായി തൃക്കരിപ്പൂര്‍ സിഎച്ച്‌സിയിലെ ഡോ. വി. സുരേശനെയും ജില്ലാ പഞ്ചായത്ത് പ്രതിനിധിയായി ഫിനാന്‍സ് ഓഫീസര്‍ ദിലീപിനെയും ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad