Type Here to Get Search Results !

Bottom Ad

എയിംസ്: കാസര്‍കോടിനോടുള്ള അവഗണന സിപിഎം നിലപാട് വ്യക്തമാക്കണം മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.in): കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിക്കുന്ന എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ ഏകപക്ഷീയമായി എയിംസിന്റെ പ്രൊപ്പോസലില്‍ കോഴിക്കോട് മാത്രം നല്‍കിയ മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാറും കാസര്‍കോട് ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയും അവഗണിക്കുകയും ചെയ്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പീഡിതരടക്കം ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ ദിനംപ്രതി ചികിത്സക്കായി നെട്ടോട്ടമോടുന്ന കാസര്‍കോട്ട് ജില്ലയിലെ ജനങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ പുതിയ പ്രതീക്ഷ നല്‍കിയാണ് എയിംസ് ആവശ്യം രൂപപ്പെട്ടത്. ഇക്കാര്യത്തില്‍ ജില്ലയെ തീരെ അവഗണിച്ച് കൊണ്ടാണ് യാതൊരുവിധ ചര്‍ച്ചയും കൂടാതെ മുഖ്യമന്ത്രി എയിംസിന്റെ കാര്യത്തില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചത്.

ജില്ലയിലെ ജനപ്രതിനികളും ജനപക്ഷ രാഷ്ട്രീയ സംഘടനകളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നീതിനിഷേധിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. സിപിഎമ്മും സര്‍ക്കാറും കാസര്‍കോട് ജില്ലയെ കേരളത്തിന്റെ ഭാഗമായി ഇപ്പോഴും അംഗീകരിക്കുന്നില്ല എന്നതിന്റെ അവസാനത്തെ തെളിവാണ് എയിംസ് അവഗണന. ഇക്കാര്യത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റി നിലപാട് വ്യാക്തമാക്കണമെന്നും എയിംസ് പ്രൊപ്പോസലില്‍ മാറ്റംവരുത്തി കാസര്‍കോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തി ലിസ്റ്റ് നല്‍കണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad