Type Here to Get Search Results !

Bottom Ad

തെക്കില്‍- പെരുമ്പളക്കടവ് ബൈപ്പാസ് നിര്‍മാണത്തിലെ എതിര്‍പ്പ് മറികടക്കാന്‍ പുതിയ അലൈന്‍മെന്റ് തയാറാക്കും


കാസര്‍കോട് (www.evisionnews.in):  തെക്കില്‍- പെരുമ്പളക്കടവ് ബൈപ്പാസ് നിര്‍മാണത്തിലെ എതിര്‍പ്പ് മറികടക്കാന്‍ പുതിയ അലൈന്‍മെന്റ് തയാറാക്കും. കഴിഞ്ഞ ദിവസം രാവിലെ റോഡ്സ് ആന്റ്് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ഐസക് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരെത്തി പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് പുതിയ അലൈന്‍മെന്റ് തയാറാക്കാന്‍ തീരുമാനിച്ചത്.

നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച റോഡ് നിര്‍മാണ ആക്ഷന്‍ കമ്മിറ്റി മേല്‍നോട്ടത്തില്‍ 15 ദിവസത്തിനകം പുതിയ അലൈന്‍മെന്റ് തയാറാക്കി കൈമാറും. കിഫ്ബി ഫണ്ടില്‍ 55 കോടി രൂപയാണ് ബൈപ്പാസ് നിര്‍മാണത്തിന് അനുവദിച്ചിട്ടുള്ളത്. 12 വീടും രണ്ട് വീടിന്റെ മതിലും പൊളിക്കേണ്ടി വരുമെന്നതിനാല്‍ റോഡ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. ബൈപ്പാസ് നാടിന്റെ വികസനത്തിന്റെ തുടക്കമാകുമെന്നതിനാല്‍ ഇത് നഷ്ടപ്പെടരുതെന്ന ഉറച്ച തീരുമാനമാണ് പുതിയ അലൈന്‍മെന്റ് എന്നതിലേക്കെത്തിച്ചത്.

കോളിയടുക്കത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ച ചെയ്താണ് പുതിയ അലൈന്‍മെന്റ് സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. തെക്കിലില്‍ നിന്നും പുഴയോരത്തു കൂടി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന റോഡിന്റെ പെരുമ്പള പാലത്തിന് സമീപമാണ് വീടുകള്‍ പൊളിക്കേണ്ടി വരിക. ഇതു ഒഴിവാക്കി പാലം റോഡിലേക്ക് ബൈപ്പാസ് എത്തിക്കണമെങ്കില്‍ 250 മീറ്ററോളം ഫ്‌ളൈ ഓവര്‍ നിര്‍മിക്കണം. ഇതിന് പത്തുകോടിയോളം വേണ്ടിവരുമെന്നതിനാല്‍ മറ്റു മാര്‍ഗമുണ്ടോയെന്നും പരിശോധിക്കും. പുതിയ അലൈന്‍മെന്റ് തയാറാക്കി ലഭിച്ചാലുടന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരം നേടണം.

തുടര്‍ന്ന് തുകയില്‍ വ്യത്യാസം വരുത്താതെ വീണ്ടും കിഫ്ബി അനുമതിയോടെ പുതിയ റോഡ് നിര്‍മിക്കാമെന്നാണ് കരുതുന്നത്. പെരുമ്പള പാലം മുതല്‍ പുഴയരികിലൂടെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂടെ നടന്ന് തര്‍ക്കബാധിത പ്രദേശങ്ങള്‍ പരിശോധിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ഡിബിസി) കെകെ അനില്‍കുമാര്‍, പ്രോജക്ട് എഞ്ചിനിയര്‍ കെ അനീഷ്, പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, പഞ്ചായത്തംഗങ്ങളായ കെ കൃഷ്ണന്‍, മറിയം മാഹിന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ നാരായണന്‍ നായര്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad