Saturday, 4 September 2021

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: പഞ്ചായത്തിനെതിരെ എല്‍ഡിഎഫ് സമരം കോവിഡ് പ്രതിരോധത്തിലെ വീഴ്ച മറയ്ക്കാന്‍: ചെമ്മനാട് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍


കാസര്‍കോട് (www.evisionnews.in): സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ അതുമറച്ച് വെയ്ക്കാനും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും വേണ്ടിയാണ് ചെമ്മനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും ആവശ്യങ്ങളുമുന്നയിച്ച് എല്‍ഡിഎഫ് സമരാഭാസം നടത്തുന്നതെന്ന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കോവിഡിന്റെ രണ്ടു ഘട്ടങ്ങളിലും ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്താണ് ചെമ്മനാട്. എന്നാല്‍ ആരോഗ്യസന്നദ്ധ പ്രവര്‍ത്തകരുടേയും ജാഗ്രത സമിതികളുടേയും പഞ്ചായത്ത് ഭരണസമിതിയുടേയും ചിട്ടയായ പ്രതിരോധ പ്രവത്തനങ്ങളിലൂടെ മഹാമാരിയെ പ്രതിരോധിക്കാന്‍ പഞ്ചായത്തിനു സാധിച്ചു. രണ്ടാം വ്യാപനത്തില്‍ ഡിസിസിയടക്കമുള്ള പ്രതിരോധ സംവിധാനങ്ങളൊരുക്കി രോഗികള്‍ക്ക് ആശ്വാസമെത്തിച്ച ചുരുക്കം ചില പഞ്ചായത്തുകളിലൊന്നാണ് ചെമ്മനാട്. ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുകയും സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റ് സംവിധാനമൊരുക്കുകയും ചെയ്തു.

രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിന് വാഹന സൗകര്യമൊരുക്കുകയും വാഹന സൗകര്യമൊരുക്കിയില്ലായെന്ന് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ ഈ സൗകര്യങ്ങള്‍ പലപ്പോഴായി ഉപയോഗപ്പെടുത്തിയിരുന്നുവെന്നതാണ് സത്യം. 60 ശതമാനത്തില്‍ അധികം പേര്‍ വാക്സിനേഷന്റെ ഭാഗമായി എന്നതും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പഞ്ചായത്തിന് അഭിമാനിക്കാന്‍ പറ്റുന്ന വസ്തുതയാണ്.'

പഞ്ചായത്തില്‍ പൊതുശ്മശാനമില്ല എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുന്‍ ഭരണ സമിതികള്‍ ദേളി കുന്നാറയിലും കോളിയടുക്കത്ത് പഞ്ചായത്ത് ഓഫീസിന് സമീപവും പൊതുശ്മശാനം എന്ന പദ്ധതിയുമായി മുന്നിട്ടിറങ്ങിയപ്പോള്‍ സമരരംഗത്ത് വന്ന് ആ പദ്ധതി തുരങ്കം വെച്ചവരാണ് കഴിഞ്ഞ ദിവസം പൊതുശ്മശാനം എന്ന ആവശ്യമുന്നയിച്ച് സമരം നടത്തുന്നത്.

ശ്മശാനം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലമേറ്റടുത്ത് പദ്ധതി നിര്‍വഹണവുമായി മുന്നോട്ട് പോകുമ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കുന്നതിനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. ഈ ഭരണസമിതി വന്നതിന് ശേഷം നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ 1000 ബള്‍ബുകളാണ് പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. ബാക്കിവരുന്ന ബള്‍ബുകള്‍ നന്നാക്കുന്നതിന് ഇപ്രാവശ്യത്തെ പദ്ധതിയില്‍ എട്ട് ലക്ഷം രൂപ വകയിരുത്തുകയും അതിന്റെ ടെണ്ടര്‍ നടപടികളുമായി ഭരണ സമിതി മുന്നോട്ട് പോവുകയുമാണ്. ടര്‍ഫ് കോര്‍ട്ട് വിവാദവും അനവസരത്തിലുള്ളതാണ്.

ഒരു രാഷ്ട്രീയവും പഞ്ചായത്ത് ഭരണസമിതി അതില്‍ കണ്ടിട്ടില്ല. പണം കൊടുത്ത് കളിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന ടര്‍ഫ് കോര്‍ട്ടിന് പഞ്ചായത്തിന്റെ സ്ഥലം വിട്ടു കൊടുക്കാന്‍ പാടില്ലെന്ന് ഭരണസമിതി യോഗത്തില്‍ ശക്തമായി വാദിച്ചത് എല്‍ഡിഎഫിലെ മുതിര്‍ന്ന അംഗമാണ്. എന്നിട്ടും പഞ്ചായത്തിലെ മൂന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്ന് വിട്ട് നല്‍കാന്‍ തയാറായി. മാലിന്യ സംസ്‌ക്കരണമടക്കമുള്ള വിഷയങ്ങളില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്. ഓഫീസ് പ്രവര്‍ത്തനങ്ങളടക്കം ജനകീയമാക്കി മുന്നോട്ട് പോകുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് സമര രംഗത്ത് വന്നത് തികച്ചും രാഷ്ട്രീയ പ്രേരിതവും പ്രതിഷേധാര്‍ഹവുമാണെന്നും ഭരണ സമിതിയെ താറടിച്ചു കാണിക്കുകയെന്ന ലക്ഷ്യം മാത്രമെ ഈ സമരത്തിനുള്ളുവെന്നും സമരത്തെ അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, വൈസ് പ്രസിഡന്റ് മണ്‍സൂര്‍ കുരിക്കള്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍, ജനപ്രതിനിധികളായ രാജന്‍ കെ പൊയിനാച്ചി, അബ്ദുല്‍ കലാം സഹദുള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related Posts

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: പഞ്ചായത്തിനെതിരെ എല്‍ഡിഎഫ് സമരം കോവിഡ് പ്രതിരോധത്തിലെ വീഴ്ച മറയ്ക്കാന്‍: ചെമ്മനാട് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.