Type Here to Get Search Results !

Bottom Ad

പൈലറ്റിന്റെ വീഴ്ചയാണ് കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം: വിമാനം ലാന്റ് ചെയ്തത് ചട്ടങ്ങള്‍ പാലിക്കാതെ: അന്വേഷണ റിപ്പോര്‍ട്ട്




കേരളം  (www.evisionnews.in): പൈലറ്റിന്റെ വീഴ്ചയാണ് കരിപ്പൂര്‍ വിമാന അപകടത്തിന് കാരണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിമാനം ലാന്റ് ചെയ്തത് ചട്ടങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക പിഴവും സംഭവിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം താഴെയിറക്കിയത് റണ്‍വേയുടെ പകുതിയും കഴിഞ്ഞാണ്. റണ്‍വേയില്‍ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അമിത വേഗത്തില്‍ മുന്‍പോട്ട് പോയി. ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായിയെന്നും റിപ്പോര്‍ട്ട് പറയുന്നു. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

വിമാനത്തിന്റെ ഗതി നിശ്ചയിച്ചിരുന്ന പൈലറ്റിന്റെ തീരുമാനങ്ങള്‍ പിഴച്ചു. സമാന സാഹചര്യത്തില്‍ മുന്‍പ് വിമാനമിറക്കിയ പൈലറ്റ് അമിത ആത്മവിശ്വാസത്തിലായിരുന്നു. മോശം കാലാവസ്ഥയില്‍ വിമാനത്തിന്റെ വൈപ്പര്‍ ശരിയായി പ്രവര്‍ത്തിച്ചില്ല. തെറ്റായ ലാന്‍ഡിംഗാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു. 8858 അടി നീളമുള്ള റണ്‍വേയില്‍ 4438 അടിയില്‍ വിമാനം താഴെയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലോകത്തെ ഒന്നാംനിര വിമാന കമ്പനികളിലൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad