Type Here to Get Search Results !

Bottom Ad

പറഞ്ഞതെല്ലാം കള്ളം: മഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്


കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. മഞ്ചേശ്വരം കോഴക്കേസിലെ മുഖ്യ പ്രതിയാണ് കെ.സുരേന്ദ്രന്‍. കേസിലെ നിര്‍ണായക തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. എന്നാല്‍ ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പരിശോധനയ്ക്കായി ഈ ഫോണ്‍ ഒരാഴ്ചക്കകം ഹാജരാക്കാനാണ് സുരേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പ്രധാന മൊഴികളെല്ലാം കളവാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൊഴികളെല്ലാം കളവാണെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ ഇനി വിശ്വാസത്തിലെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

അതുകൊണ്ടു തന്നെ വീണ്ടും ചോദ്യം ചെയ്യണോ എന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സുരേന്ദ്രനെ ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരെയുള്ള കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad