Type Here to Get Search Results !

Bottom Ad

ഡിജിപിയുടെ അദാലത്തില്‍ 41 പരാതികള്‍ പരിഗണിച്ചു: സാമ്പത്തിക തട്ടിപ്പുകളില്‍ അന്വേഷണം വൈകരുതെന്ന് സംസ്ഥാന പൊലീസ് മേധാവി


കാസര്‍കോട് (www.evisionnews.in): സംസ്ഥാന പൊലീസ് മേധാവി വൈ. അനില്‍ കാന്ത് ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തിയ പരാതി പരിഹാര അദാലത്തില്‍ പരിഗണിച്ചത് 41 പരാതികള്‍. ഇതില്‍ പകുതിയും സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള സിവില്‍ കേസുകളുമായി ബന്ധപ്പെട്ടുള്ളത്. ഇത്തരം കേസുകളുടെ ഭാഗമായി കുറ്റകൃത്യങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷണം വൈകരുതെന്ന് പൊലീസ് മേധാവി നിര്‍ദേശം നല്‍കി. അദാലത്തില്‍ പരിഗണിച്ച 41 പരാതികളും പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പരാതിയായെത്തിയ വസ്തു തര്‍ക്ക കേസ് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അന്വേഷണത്തിനായി കൈമാറി. പൊലീസ് വകുപ്പിലെ ആശ്രിത നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട പരാതിയും അദാലത്തില്‍ പരിഗണിച്ചു. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവി സര്‍ക്കാരിലേക്ക് കത്തയച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ നടപടികളില്‍ വീഴ്ചയുണ്ടാകരുതെന്ന് ഡിജിപി നിര്‍ദേശിച്ചു. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്നുള്ള പ്രത്യേക സംഘമാണ് പരാതികള്‍ കൈകാര്യം ചെയ്തത്.

41 പരാതികളില്‍ 19 എണ്ണം തുടര്‍ നടപടികള്‍ക്കായി ജില്ലാ പൊലീസ് മേധാവിക്കും നാലെണ്ണം ബേക്കല്‍ ഡിവൈ.എസ്പിക്കും കൈമാറി. നാല് പരാതികളില്‍ പൊലീസ് ആസ്ഥാനത്ത് നിന്നും തുടര്‍ നടപടികളുണ്ടാകും. കാസര്‍കോട് ജില്ലക്ക് പുതുതായി അനുവദിച്ച പിങ്ക് ബൈക്ക് പട്രോള്‍ സംസ്ഥാന പൊലീസ് മേധാവി വൈ. അനില്‍കാന്ത് ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവിക്ക് പുറമെ ഉത്തരമേഖലാ ഐജി അശോക് യാദവ്, കണ്ണൂര്‍ റേഞ്ച് ഡിഐ ജികെ സേതുരാമന്‍, കാസര്‍കോട് ജില്ലാ പൊലീസ് മേധാവി പിബി രാജീവ്, മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad