Type Here to Get Search Results !

Bottom Ad

പ്രതിഷേധങ്ങള്‍ ഫലംകണ്ടു: കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷക്ക് ജില്ലയില്‍ കേന്ദ്രം അനുവദിച്ചു


കാസര്‍കോട് (www.evisionnews.in): പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (സിയു-സിഇടി) ജില്ലയില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചു. പന്ത്രണ്ടോളം കേന്ദ്ര സവകലാശാലയിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക് കാസര്‍കോട് ജില്ലയില്‍ ആദ്യഘട്ടത്തില്‍ പരീക്ഷ സെന്റര്‍ അനുവദിച്ചിരുന്നില്ല. ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍വകലാശാലയുടെ പ്രവേശനത്തിനുള്ള പരീക്ഷക്ക് ജില്ലയില്‍ സെന്റര്‍ അനുവദിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

ജില്ലയില്‍ കേന്ദ്രമില്ലാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ഥികള്‍ കണ്ണൂരിലെയും മറ്റും പരീക്ഷ സെന്ററുകളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. ഇത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശങ്കയുണ്ടാക്കി. കമ്പ്യൂട്ടര്‍ ഫെസിലിറ്റി ഇല്ലെന്ന കാരണമായിരുന്നു ആദ്യഘട്ടത്തില്‍ കേന്ദ്രം അനുവദിക്കാത്തത് സംബന്ധിച്ച് അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. കഴിഞ്ഞ തവണ രണ്ടു സെന്ററുകള്‍ ജില്ലയില്‍ അനുവദിച്ചിരുന്നു. ഇത്തവണ ഓണ്‍ലൈന്‍ പരീക്ഷ ആയതിനാലാണ് ജില്ലയില്‍ കേന്ദ്രത്തിന് ആദ്യഘട്ടത്തില്‍ അനുമതി കിട്ടാതെ പോയത്.

ഇുസംബന്ധിച്ച് നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാര്‍ഥി- സാമൂഹിക സംഘടനകളും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. വിഷയം ഗൗരവകരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് എംപി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് (എന്‍ടിഎ) കാസര്‍കോട് ജില്ലയില്‍ സെന്റര്‍ അനുവദിക്കുന്നതിന് കത്ത് നല്‍കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിനെ തുടര്‍ന്നാണ് പുതിയ കേന്ദ്രം അനുവദിച്ച് ഉത്തരവായത്.

കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍ സെന്റര്‍ അനുവദിച്ചപ്പോഴായിരുന്നു ജില്ലയോട് ഈ അവഗണന അധികൃതര്‍ കാണിച്ചതെന്ന് എംപി പ്രതികരിച്ചു. മുമ്പ് മറ്റ് സെന്ററുകള്‍ തെരഞ്ഞെടുത്ത് അപേക്ഷ നല്‍കിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ അപേക്ഷിച്ചിരിക്കുന്ന സെന്റര്‍ മാറ്റി കാസര്‍കോട്് സെന്റര്‍ നല്‍കാനുള്ള അവസരവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad