Type Here to Get Search Results !

Bottom Ad

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തു

 


കാസര്‍കോട് (www.evisionnews.in): ദേളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടി പഠിച്ചിരുന്ന അതേസ്‌കൂലിലെ അധ്യാപകനും മുള്ളേരിയ സ്വദേശിയുമായ ഉസ്മാനെ (25)തിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. ഉസ്മാനെ പ്രതി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പൊലീസ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. 

കഴിഞ്ഞ ബുധനാഴ്ചയാണ് കളനാട് വില്ലേജ് ഓഫീസിനടുത്തെ 13കാരിയായ സഫയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ സ്‌കൂളിലെ ഒരു അധ്യാപകന്റെ മാനസിക പീഡനമെന്ന് കുട്ടിയുടെ പിതാവും കുടുംബവും ആരോപിച്ചിരുന്നു. 

ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ മേല്‍പ്പറമ്പ് സി.ഐ.ടി. ഉത്തംദാസാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിക്ക് അധ്യാപകന്‍ ശബ്ദസന്ദേശങ്ങളും മറ്റും കൈമാറിയിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതോടെ ഒളിവില്‍ പോയ ഉസ്മാന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പൊലീസ് കര്‍ണാടകയില്‍ പോയിരുന്നു. ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ്ചെയ്ത നിലയിലാണ്. മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ വിദഗ്ധന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ഥിനിക്ക് സംരക്ഷകനാകേണ്ട വ്യക്തിയില്‍ നിന്ന് മനപ്പൂര്‍വമുണ്ടായ ചൂഷണമാണ് ഇതെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മാനസികാഘാതമുണ്ടാക്കിയെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അനുമതിയോടെ അധ്യാപകനെതിരെ പോക്സോ കേസും ജുവൈനല്‍ ജസ്റ്റിസ് ആക്ടും ചുമത്തിയത്. 

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ അധ്യാപകന്‍ ഒളിവില്‍ പോവുകയായിരുന്നു. അതേസമയം വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് ചീഫ്, ബേക്കല്‍ ഡി.വൈ.എസ്.പി, മേല്‍പറമ്പ് പൊലീസ് ഹൗസ് ഓഫീസര്‍, ജില്ലാ ബാല സംരക്ഷണ ഓഫീസര്‍ എന്നിവരോട് ഒക്ടോബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad