Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ 85 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയായി: ജാഗ്രതയോടെ ആരോഗ്യ പ്രവര്‍ത്തകര്‍: കോവിഡ് കേസുകള്‍ കുറഞ്ഞു


കുമ്പള (www.evisionnews.in): കുമ്പള ഗ്രാമപഞ്ചായത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് 85 ശതമാനം ആളുകള്‍ക്ക് നല്‍കി വന്‍നേട്ടം കൈവരിച്ചു. കഴിഞ്ഞ ഒരു മാസമായി കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നുണ്ട്. പഞ്ചായത്തില്‍ 43458 പേരാണ് 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ഉള്ളത്. ഇതില്‍36711 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 36 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി കഴിഞ്ഞു.എത്രയും പെട്ടെന്ന് 100 ശതമാനം വാക്‌സിന്‍ നല്‍കിയ പഞ്ചായത്താക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ ആളുകള്‍ക്കാണ് കുമ്പള സി.എച്ച്‌സി, ആരിക്കാടി പി.എച്ച്‌സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ നല്‍കിയത്. വാര്‍ഡുകളില്‍ ക്യാമ്പ് വെച്ചും കുമ്പള സ്‌കൂളില്‍ വാക്‌സിനേഷന്‍ സെന്റര്‍ ഒരുക്കിയുമാണ് ഈ നേട്ടം കൈവരിച്ചത്. ഗ്രാമപഞ്ചായത്തിന്റെ നിസീമമായ പിന്തുണ ഈ നേട്ടത്തിനു സഹായകരമായി. ജനപ്രതിനിധികള്‍, ആശാപ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ സഹായമായി.

കിടപ്പിലായ മുഴുവന്‍ രോഗികള്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ പോയി നല്‍കി. അതിഥി തൊഴിലാളികള്‍, പ്രവാസികള്‍, വിദ്യാര്‍ത്ഥികള്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍, 60 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭണികള്‍, എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുത്തിവെയ്പ്പ് നല്‍കിയത്. ഇപ്പോള്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. രാവിലെ 9ന് തുടങ്ങുന്ന വാക്‌സിനേഷന്‍ രാത്രി വരെ നീളാറുണ്ട്. അവധിദിവസങ്ങളില്‍ പോലും ക്യാമ്പും സംഘടിപ്പിക്കുന്നു.

കോവിഡ് ആരംഭം മുതല്‍ കുമ്പള ശ്യാംഭട്ട് കോമ്പൗണ്ടില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും സ്രവ പരിശോധന നടത്തുന്നുണ്ട്. ദിനേന 200 ഓളം ആളുകള്‍ പരിശോധനയ്ക്കായി എത്തുന്നു. കോവിഡ് കണ്ടെത്തുന്നതിനായി വാര്‍ഡുകളില്‍ 2 മൊബൈല്‍ ടീമുകളും പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ കെ.ദിവാകരറൈ, ആരിക്കാടി മെഡിക്കല്‍ ഓഫീസര്‍ ഡോ: സ്മിത പ്രഭാകരന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍, പി.എച്ച് എന്‍ കുഞ്ഞാമി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആദര്‍ശ്, അഖില്‍ കാരായി, വിവേക് തച്ചന്‍, കെ.വി നൂര്‍ജഹാന്‍, വാസു, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരായ എസ്.ശാരദ, സി.ആര്‍. ശ്രീലത, യു. ഷബീന, കെ.സുജാത, ടി.ശാലിനി, ഒ.ബിന്ദു, കെ.സ്വപ്ന, ജിഷ പി.ടി. അപര്‍ണ്ണ, പാലിയേറ്റിവ് നഴ്‌സുമാരായ സ്മിതമോള്‍, പി.കലാവതി എന്നിവരാണ് കോവിഡ് പിടിച്ചുകെട്ടാന്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad