Type Here to Get Search Results !

Bottom Ad

ദുബൈയില്‍ ബ്രിട്ടീഷ് കരിക്കുലത്തില്‍ പെയ്സ് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു


ദുബൈ (www.evisionnews.in): ഇന്ത്യ, യുഎഇ, കുവൈത്ത് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 18 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയായ പെയ്സ് ഗ്രൂപ്പിന് കീഴില്‍ പെയ്സ് മോഡേണ്‍ ബ്രിട്ടീസ് സ്‌കൂള്‍ (പിഎംബിഎസ്) പ്രവര്‍ത്തനമാരംഭിച്ചു. ദുബൈ റാഷിദിയയിലാണ് എല്ലാ ആധുനിക സൗകര്യങ്ങളോടെയും ബ്രിട്ടീഷ് കരിക്കുലത്തിലുള്ള ഹെറിറ്റേജ് ശൈലിയിലുള്ള സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നതെന്ന് പെയ്സ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പൂര്‍ണമായും ബ്രിട്ടീഷ് അധ്യാപകരാലുള്ള ക്ളാസുകളാണ് ഇവിടെ ഉണ്ടാവുക. ചെറിയ ക്ളാസ് മുതല്‍ 6-ാം ക്ളാസ് വരെയായിരിക്കും അധ്യയനം. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ഫീസ് ഘടനയാണ് ഇവിടെയുള്ളതെന്നും കോവിഡ്19ന്റെ സാഹചര്യത്തില്‍ വിഷമതകള്‍ നേരിടുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം ഭാരമാവാതിരിക്കാനുള്ള കൈത്താങ്ങാണിതെന്നും അദ്ദേഹം പറഞ്ഞു. 17,500 ദിര്‍ഹമാണ് പ്രതിവര്‍ഷ ഫീസ്. ഇതില്‍ ആദ്യം പ്രവേശനം നേടുന്ന 200 കുട്ടികള്‍ക്ക് 2,000 ദിര്‍ഹമിന്റെ സ്പെഷ്യല്‍ ഡിസ്‌കൗണ്ട് നല്‍കും. സാധാരണ ഫീസ് നിരക്കില്‍ ആദ്യ സ്‌കൂള്‍ പ്രവര്‍ത്തന വര്‍ഷത്തില്‍ 25 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നതാണ്. സ്വദേശികളുടെ കുട്ടികള്‍ക്കും രക്തസാക്ഷികളുടെ കുട്ടികള്‍ക്കും ഫീസില്‍ 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നതാണ്.

ദുബൈയില്‍ ഈയിടെ ആംലഡ് സ്‌കൂള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് പഠനം പ്രതിസന്ധിയിലായ കുട്ടികള്‍ക്ക് മേല്‍പ്പറഞ്ഞ ഫീസ് ആനുകൂല്യങ്ങളോടെ പെയ്സ് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ സന്നദ്ധമാണെന്നും താല്‍പര്യമുള്ള രക്ഷിതാക്കള്‍ക്ക് ബന്ധപ്പെടാമെന്നും ഇബ്രാഹിം ഹാജി വ്യക്തമാക്കി.

''ചെറിയ വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ താങ്ങാനാകുന്ന ഫീസ് മാത്രം ഈടാക്കി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്നതാണ് ഞങ്ങളുടെ സ്വപ്നം. കോവിഡ് പ്രതിസന്ധി കുട്ടികളുടെ പഠനത്തെ പ്രയാസത്തിലാക്കിയ ഈ വേളയില്‍ ഇതൊരു ആശ്വാസ നീക്കമാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്'' -അദ്ദേഹം പ്രത്യാശിച്ചു.

രണ്ടു മാസം കൊണ്ടാണ് 40 വര്‍ഷം പഴക്കമുള്ള ഈ സ്‌കൂള്‍ നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്. കെഎച്ച്ഡിഎയുടെ അംഗീകാരമടക്കമുള്ള മുഴുവന്‍ രേഖകളും വേഗത്തില്‍ ശരിയാക്കാന്‍ കഴിഞ്ഞു. സെപ്തംബര്‍ 1ന് ക്ളാസുകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വദേശി എഴുത്തുകാരനും യൂണിപെക്സ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അല്‍ ഹമ്മാദി, പെയ്സ് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗ്രഹാം ഹോവല്‍, പെയ്സ് ഗ്രൂപ് ഡയറക്ടര്‍മാരായ അസീഫ് ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, സല്‍മാന്‍ ഇബ്രാഹിം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad