Type Here to Get Search Results !

Bottom Ad

ആദൂരില്‍ കര്‍ഷകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലു വര്‍ഷം കഠിനതടവ്


കാസര്‍കോട് (www.evisionnews.co): ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഷകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി നാലുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നെട്ടണിഗെയിലെ അപ്പയ്യ മണിയാണിയുടെ മകന്‍ ദാമോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കുളത്തിലപ്പാറയിലെ ഗുരുവാര(67) യെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ വിവിധ വകുപ്പുകളിലായി നാലു വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കഠിന തടവ് പ്രത്യേകം അനുഭവിക്കണം.

2018 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. നാട്ടിലെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ആചാരമായ വാഴനടല്‍ ചടങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം. കീഴ്വഴക്കമനുസരിച്ച് ദാമോദരന്റെ കൃഷിയിടത്തില്‍ വാഴ നടാനുള്ള അവകാശം മദ്ദ എന്ന കര്‍ഷക തൊഴിലാളിക്കാണ്. എന്നാല്‍ ചടങ്ങിന് തന്നെ ചുമതലപ്പെടുത്തണമെന്ന് ഗുരുവാര ആവശ്യപ്പെട്ടിരുന്നെങ്കിലും കീഴ്വഴക്കത്തിനെതിരായതുകൊണ്ട് ദാമോദരന്‍ സമ്മതിച്ചിരുന്നില്ല. സംഭവ ദിവസം വൈകുന്നേരം ദാമോദരന്‍ ഗുരുവാരയെ ചടങ്ങിന് ക്ഷണിക്കാന്‍ പോകുമ്പോള്‍ നെട്ടണിഗെ കള തൊണ്ടച്ചന്‍ ദേവസ്ഥാനത്തേക്കുള്ള റോഡ് ജംഗ്ഷനില്‍ വെച്ച് ദാമോദരനുമായി പ്രതി വാഴനടല്‍ ചടങ്ങിനെ ചൊല്ലി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അരയില്‍ തിരുകിയ ചെറിയ പിച്ചാത്തിയെടുത്ത് ദാമോദരന്റെ വയറില്‍ കുത്തുകയുമായിരുന്നു. ആഴത്തിലുള്ള കുത്തേറ്റ് ദാമോദരന്റെ കരളിനും മറ്റു ആന്തരാവയവങ്ങള്‍ക്കും മുറിവ് പറ്റിയിരുന്നു. ഉടനെ തന്നെ മംഗളൂരു ആസ്പത്രിയില്‍ എത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്.

സംഭവത്തില്‍ ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ നിബിന്‍ ജോയ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ബാലകൃഷ്ണന്‍ ഹാജരായി.

Post a Comment

0 Comments

Top Post Ad

Below Post Ad