Type Here to Get Search Results !

Bottom Ad

ചെങ്കൊടി പിടിച്ച് സെല്‍ഫി എടുത്തും എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്: സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം


കേരളം (www.evisionnews.co): സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധങ്ങളെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ ജനയുഗത്തിലെ എഡിറ്റ് പേജില്‍ എഴുതിയ നൈതിക രാഷ്ട്രീയത്തിന്റെ പ്രസക്തിയും ക്രിമിനല്‍വല്‍ക്കരണവും എന്ന ലേഖനത്തിലാണ് രൂക്ഷവിമര്‍ശനം. അടുത്തകാലത്തായി ഏറ്റവും അപകടകരവും നമ്മുടെ ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമായ ചില രീതികള്‍ ഇടതുപാര്‍ട്ടികളില്‍ അടക്കം അപൂര്‍വമായി എങ്കിലും വളര്‍ന്നുവരുന്നു എന്നുള്ളതും നമ്മള്‍ ഗൗരവത്തോടെ കാണണമെന്ന് ലേഖനത്തില്‍ പറയുന്നു.

കള്ളക്കടത്ത്- ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതില്‍ പ്രതികളാക്കപ്പെടുന്ന യുവാക്കള്‍, ഇടതുരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകള്‍ ഇക്കാലംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും ലേഖനത്തില്‍ പറയുന്നു.

രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണ്. കണ്ണൂരില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന കനല്‍വഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യല്‍മീഡിയയില്‍ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് 'ആണത്തഭാഷണങ്ങള്‍' നടത്താനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവര്‍ ചെയ്തത്.

ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരില്‍ എത്തിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല.

സമൂഹികമാധ്യമങ്ങളില്‍ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനല്‍സംഘങ്ങള്‍ എന്ന് ഓര്‍ക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ 'സംഘ'ങ്ങള്‍ക്ക് മുന്‍കാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. അതുകൊണ്ടാണ്, 'പാതാളത്താഴ്ചയുള്ള' ഇവരുടെ 'വീരകൃത്യങ്ങളെ' 'ആകാശത്തോളം വാഴ്തിക്കൊണ്ട്' മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നത്.

സേലം രക്ഷസാക്ഷികള്‍ക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനല്‍കേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പോലും ലഭിക്കുന്ന വന്‍സ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തില്‍ വന്നിട്ടുള്ള മാറ്റവും ഈ ക്രിമിനല്‍വല്ക്കരണത്തില്‍ ഒരു പ്രധാന ഘടകമാണ്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പ്രതിരോധം തീര്‍ത്തിരുന്നത് അതതു ദേശത്തെ പ്രധാന പ്രവര്‍ത്തകര്‍ ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് പുറത്തു നിന്നുള്ള സംഘങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു.

കൊലപാതകകേസുകളില്‍ പ്രതികളായി ജയിലില്‍ കഴിയുന്നവരും അവരുടെ കുടുംബവും പിന്നീട് നേരിടുന്ന സാമൂഹ്യബഹിഷ്‌ക്കരണവും അന്യവല്‍ക്കരണവും മറ്റും ക്വട്ടേഷന്‍ സംഘങ്ങളെ ഈ രംഗത്ത് എത്തിക്കുകയും സ്വാഭാവികമായി അത് പാര്‍ട്ടിക്ക് പുറത്തുള്ള സ്വാധീനകേന്ദ്രങ്ങള്‍ ആയി വളരാന്‍ ഈ ഗ്രൂപ്പുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. മാത്രമല്ല, കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പിന്നീട് സാധാരണ തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവസരം കൂടി നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് അവര്‍ ജയിലില്‍ നിന്നും ഉറവെടുക്കുന്ന ഇത്തരം സംഘങ്ങളുടെ പിടിയിലേക്ക് എളുപ്പത്തില്‍ വഴുതിവീണുപോകുന്നു. പലപ്പോഴും രാഷ്ട്രീയപാര്‍ട്ടികളുടെ തലവേദനയായി ഈ സംഘങ്ങള്‍ പിന്നീട് മാറുന്നതായി കാണാം. ഒരുപാട് യുവാക്കളുടെ ഭാവിക്ക് മാത്രമല്ല, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ജില്ലയുടെ സമാധാനത്തിനും കുരുക്കായി മാറിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യവിരുദ്ധത ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കുകയാണ് ജനാധിപത്യബോധമുള്ള പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad