Tuesday, 27 July 2021

ചെര്‍ക്കളം അബ്ദുള്ള ഓര്‍മയിലെ പൂമരം


അഷ്റഫ് കര്‍ള (ട്രഷറര്‍, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി)


സമൂഹങ്ങളിലേക്കുള്ള യാത്രകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ, നിശ്ചയദാര്‍ഢ്യം സാമൂഹിക സാംസ്‌കാരിക ചരിത്രത്തിലുടനീളം നിറകതിര്‍ ചൊരിഞ്ഞ നിന്ന ജീവിതം കര്‍മ്മ ഭൂമിയെ ശാന്തമാക്കുന്ന മഹാതേജാസ്, കാലഘട്ടത്തിന്റെ ശക്തി ജ്വാല. കാപട്യത്തിന്റെ മുഖച്ഛായ അണിയാത്ത മഹാമനുഷ്യന്‍. വാത്സല്യത്തിന്റെ അലകടല്‍ ഉണര്‍ത്തുന്ന ഹൃദയത്തിന്റെ ഉടമ, ജനഹൃദയം കീഴടക്കിയ പ്രതിഭ.തുമ്പപ്പൂപോലെ നിര്‍മ്മലഹൃദയവും തൂമന്ദഹാസം പൊഴിയുന്ന മുഖവുമായി ജനങ്ങള്‍ കൊപ്പം നിലകൊണ്ട നേതാവ്. ശരണം അന്വേഷിച്ചെത്തുന്നവന്റെ ഭാരം ഇറക്കിവെക്കാനുള്ള അത്താണിയായിരുന്നു ചെര്‍ക്കളം. പ്രതിരോധം കൊണ്ടും ഇച്ഛാശക്തി കൊണ്ടും കര്‍മ്മ നൈപുണ്യം കൊണ്ടും കാലഘട്ടത്തെയും സാഹചര്യങ്ങളെയും പാടെ മാറ്റി തീര്‍ത്ത നേതാവ്. പ്രായോഗിക ജീവിതത്തില്‍ അങ്ങേയറ്റം വിജയം നേടിയ പക്വമതി. ഉത്തരകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ നാല്‍കവലയില്‍ കാലം കൊളുത്തിത്തൂക്കിയ വര്‍ണ്ണോജ്ജലമായ വഴിവിളക്ക്! 

 വടക്കേമലബാറില്‍ ആശയറ്റ് ആലസ്യത്തിന്റെയും, അലമ്പാവത്തിന്റെയും ഊഷര താഴ് വരയില്‍ ഉറക്കം പൂണ്ട വരു ജനസഞ്ചയത്തെ വിളിച്ചുണര്‍ത്തി അവര്‍ക്കു ആത്മാഭിനത്തിന്റെയും അതിലുപരി അര്‍പ്പണ ബോധത്തിന്റെയും ജീവരക്തം കുത്തിവച്ച ധീരനായ നേതാവായിരുന്നു 'ചെര്‍ക്കളം'. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് മുന്ന് വര്‍ഷം പിന്നിടുന്നു.. ചെര്‍ക്കളം ഇല്ലാത്ത കാസര്‍ഗോഡ് ഇന്നും അനാഥത്തം പേറുകയാണ് ആ ഓര്‍മയില്‍ നനവുയരുന്ന കാസര്‍ഗോഡിന്റെ നയനങ്ങളില്‍ ഇന്നും മരിക്കാത്ത ഓര്‍മകള്‍!

ഭരണമികവ് കൊണ്ടും അതിശയിപ്പിക്കുന്ന നേതൃപാഠവം കൊണ്ടും സാമൂഹിക, രാഷ്ട്രീയ, പൊതു പ്രവര്‍ത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തങ്ങള്‍ നടത്തിയ മുന്‍ മന്ത്രിയും, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്നു ചെര്‍ക്കളം അബ്ദുള്ള സാഹിബ്. പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ, ഒരു ജില്ലയെ സാമൂഹിക മുന്നേറ്റം കൊണ്ടും, വികസനം കൊണ്ടും പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ചെര്‍ക്കളം അബ്ദുള്ള സാഹിബ് എന്ന അതുല്ല്യനായ ഒരു നേതാവിന്റെ, ഭരണ കര്‍ത്താവിന്റെ ഇടപെടലുകളും, പരിശ്രമങ്ങളും നമുക്ക് കാണുവാന്‍ സാധിക്കും. അതായിരുന്നു നീണ്ട .... പതിറ്റാണ്ടിന്റെ പൊതു പ്രവര്‍ത്തനം ഒരു തുറന്ന പുസ്തകം പോലെ ആര്‍ക്കും വായിച്ചെടുക്കാന്‍ വിധത്തില്‍ എഴുതി ചേര്‍ത്ത് ചെര്‍ക്കളം നമ്മില്‍ നിന്നും അകന്നു.

ധീരനായ ഒരു നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ള സാഹിബ്. മുസ്ലിം ലീഗിന്റെ രൂപീകരണ നാള്‍വഴികളില്‍ സ്ഥാപക നേതാക്കന്മാര്‍മാറില്‍ ജ്വലിച്ച് നിന്ന ധീരത ചെര്‍ക്കളത്തില്‍ പ്രകടമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ധീരത. തന്റെ പ്രവര്‍ത്തന മേഖകളകളില്‍ പ്രതിനസന്ധികളും, പ്രയാസങ്ങളും നേരിടുമ്പോള്‍ തന്റെതായ ശൈലിയിലൂടെ അവയെല്ലാം പരിഹരിച്ച് വിജയിക്കുക എന്നത് ചെര്‍ക്കളത്തിന്റെ മാത്രം ഒരു കഴിവായിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെ മുമ്പിലും വെട്ടിത്തുറന്ന് പറയുവാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. ആരുടെ മുമ്പിലും ഓച്ചാനിച്ച് നില്‍ക്കാതെ സധൈര്യം പ്രവര്‍ത്തന പാതയില്‍ മുന്നേറിയിരുന്ന ശക്തനായ ഒരു നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ള സാഹിബ്.

കൃത്യനിഷ്ടതയാണ് ചെര്‍ക്കളം അബ്ദുള്ള സാഹിബ് തന്റെ ജീവിതത്തില്‍ വരച്ചിട്ട ഏറ്റവും വലിയ അടയാളം.

അദ്ദേഹത്തിന്റെ കൃത്യനിഷ്ടതയും, സമയ നിഷ്ഠയും പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം. ഒരേ സമയത്ത് വിവിധ സംഘടനകളുടെ നേതൃ പദവികള്‍ അലങ്കരിച്ച് തിരക്ക് പിടിച്ച പൊതു പ്രവര്‍ത്തനത്തില്‍ സമയ നിഷ്ഠ പാലിക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. ഓരോ പരിപാടികള്‍ക്കും അദ്ദേഹം ഏറ്റ സമയത്തിനും മുമ്പേ പരിപാടി സ്ഥലത്തേക്ക് എത്തുകയും സംഘാടകരെയും, മറ്റു അതിഥികളെയും കാത്തിരിക്കുന്ന സന്ദര്‍ഭങ്ങള്‍ അദേഹത്തിന്റെ പൊതു പ്രവര്‍ത്തനത്തില്‍ ഒരുപാടുണ്ടായിട്ടുണ്ട്. കൃത്യ സമയത്ത് ഒരു പരിപാടി തുടങ്ങുന്നതിനെ പൊതുവെ 'ചെര്‍ക്കളം ടൈം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഞാന്‍ എസ് എസ് എല്‍ സീക്ക് പഠിക്കുമ്പോള്‍ 1989 ല്‍ എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ആയാണ് പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. അന്ന് മുതലാണ് ചെര്‍ക്കളം അബ്ദുള്ള സാഹിബുമായി അടുക്കുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തന സമയത്ത് അദ്ദേഹത്തോട് തുടങ്ങിയ ആ ആത്മ ബന്ധം ചെര്‍ക്കളം വിട പറയുന്നത് വരെ തുടര്‍ന്നു. നന്നേ ചെറുപ്പത്തില്‍ മണ്ഡലം കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ച എനിക്ക് ചെര്‍ക്കളം തന്ന പിന്തുണയും സഹകരണവും വിലമതിക്കാനാവാത്തതാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ എം എസ് എഫിനെ വളര്‍ത്തുവാനും അത് വഴി എനിക്ക് ജില്ലാ നേതൃത്വത്തിലേക്ക് വളരുവാനും ചെര്‍ക്കളത്തിന്റെ പിന്തുണയും സഹായവും എനിക്ക് ഏറെ ഉപകരിച്ചിരുന്നു. ആ കാലയളവില്‍ ചെര്‍ക്കളം എം എസ് എസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെയും പിന്നീട് സംഥാന എം എസ് എഫ് കമ്മിറ്റിയുടെയും ഉപദേശക സമിതി ചെയര്‍മാനായിരുന്നു. എം എസ് എഫിനെ സംബന്ധിച്ചടുത്തോളം അതൊരു സുവര്‍ണ കാലമായിരുന്നു.

1987 മുതലാണ് ചെര്‍ക്കളം അബ്ദുല്ല സാഹിബ് മഞ്ചേശ്വരം നിയമ സഭാ അംഗമായി തിരഞ്ഞെടുക്കുന്നത്. തുടര്‍ച്ചയായി നാല് പ്രാവശ്യം അതേ മണ്ഡലത്തില്‍ നിന്നും ചെര്‍ക്കളം നിയമ സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരത്തെ നീണ്ട 19 വര്‍ഷം ചെര്‍ക്കളം പ്രതിനിധീകരിച്ചു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടപ്പോള്‍ കേരള കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം മേഖല ഏറെ പിന്നോക്കമായിരുന്നു. മലയാളം, തുളു കന്നഡ കൊങ്ങിണി തുടങ്ങി ഏഴ് ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് അവിടത്തെ ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ അദ്ദേഹം അവിടന്ന് തുടര്‍ച്ചയായി ജയിച്ച് വരികയായിരുന്നു. വിദ്യഭ്യാസം, സാമൂഹിക രംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശം. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈ അതിര്‍ത്തി പ്രദേശത്തിന് അവഗണനയുടെ കഥകളെ എല്ലാം കാലത്തും പറയാനുള്ളു. ആ ഒരു ഭൗതിക പശ്ചാത്തലത്തിലാണ് ചെര്‍ക്കളം അബ്ദുള്ള സാഹിബ് മഞ്ചേശ്വരത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കുന്നത്. 19 വര്‍ഷം നിയമ സഭാ അംഗം, അതില്‍ രണ്ട് വര്‍ഷം കേരളാ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലയളവ് മഞ്ചേശ്വരം മണ്ഡലത്തിന് സമ്മാനിച്ചത് വികസനത്തിന്റെ സുവര്‍ണ കാലമായിരുന്നു.

റോഡുകള്‍, പാലങ്ങള്‍, ആശുപത്രി, സ്‌കൂള്‍ തുടങ്ങി പൊതു ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായി. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് പുതിയ കെട്ടിടങ്ങളും, നിരവധി കോഴ്സുകളും. അത്‌പോലെ നിരവധി സ്‌കൂളുകള്‍, ഒരുപാട് സ്‌കൂളുകളെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒക്കെയായി ഉയര്‍ത്തി വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ചെര്‍ക്കളത്തിന് സാധിച്ചിരുന്നു. പിന്നാക്കത്തിലെ പിന്നോക്കത്തില്‍ നിന്നും ഇന്ന് കാണുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കി മഞ്ചേശ്വരത്തെ സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് മികച്ചതായി ഉയര്‍ത്തി കൊണ്ടുവന്നത് ചെര്‍ക്കളത്തിന്റെ പരിശ്രമങ്ങള്‍ കൊണ്ട് തന്നെയാണ്.

സാധാരണ ജനപ്രധിനിതികളെ പോലെ തന്റെ മണ്ഡലത്തിലെ ജനങ്ങളോട് ഒരു താല്‍ക്കാലിക ബന്ധം സ്ഥാപിക്കുകയായിരുന്നില്ല ചെര്‍ക്കളം. തന്റെ മണ്ഡലത്തില്‍ ഒരാളെ ഒരിക്കല്‍ കണ്ടു പരിചയപ്പെട്ടാല്‍ പിന്നെ ആ മുഖവും, പേരും, അയാളുടെ വീടും മേല്‍വിലാസവും ചെര്‍ക്കളം ഒരിക്കലും മറക്കില്ലായിരുന്നു.

യാതൊരുവിധ വിവേചനവുമില്ലാതെ എല്ലാ ജനങ്ങളെയും ഒരുപോലെ കാണുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ശബ്ദിക്കുകയും ചെയ്ത നിസ്വാര്‍ത്ഥനായ നേതാവാണ് ചെര്‍ക്കളം. ഒരേ സമയം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമായി തന്നെ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളോടും ഒരു പോലെ നീതി കാണിച്ചിരുന്നു. അതിര്‍ത്തി കടന്ന് വരുന്ന ഫാസിസത്തെ ചങ്കൂറ്റത്തോടെ നേരിട്ട നേതാവാണ് ചെര്‍ക്കളം. മുസ്ലിം ലീഗ് നേതാവായി സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോളും, ശബ്ദിക്കുമ്പോളും മത സൗഹാര്‍ദ്ദത്തിന് കോട്ടം തട്ടാതെ ജില്ലയില്‍ സമാധാനം നിലനിര്‍ത്തുവാന്‍ ചെര്‍ക്കളം ഏറെ പരിശ്രമിച്ചിരുന്നു. ഇടയ്ക്ക് സംഘര്‍ഷങ്ങള്‍ ഉടലെടുക്കാറുള്ള കാസറഗോഡ് ചേരുന്ന സര്‍വകക്ഷി യോഗങ്ങളില്‍ ചെര്‍ക്കളത്തിന്റെ അഭിപ്രായങ്ങള്‍ എപ്പോഴും അവസാന വാക്കായി മാറുമായിരുന്നു.

കേരളം മുഴുവന്‍ നെഞ്ചിലേറ്റുകയും ഇന്നും നൂതനങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കുടുംബശ്രീ പദ്ധതി എന്ന ആശയം കൊണ്ട് വന്നതും അത് വിജയകരമായി നടപ്പിലാക്കിയതും ചെര്‍ക്കളം അബ്ദുള്ള സാഹിബ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ്. കേരളക്കരയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കുടുംബശ്രീ പദ്ധതി സൃഷ്ട്ടിച്ചത്. പരക്കെ പ്രശംസ പിടിച്ച് പറ്റിയ പദ്ധതിയാണ് ഇന്നും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്ത് ഒട്ടാകെ നിരവധി പദ്ധതികളും, വികസന പ്രവര്‍ത്തനങ്ങളുമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ ചെര്‍ക്കളം മന്ത്രിയായിരുന്ന കാലത്ത് നടത്തിയത്.

മുസ്ലിം ലീഗ് നേതൃ സ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അദ്ദേഹം നിരവധി മത സംഘടനകളിലും, സ്ഥാപന സാരഥ്യത്തിലും, മറ്റു സാംകാരിക കമ്മിറ്റികളിലും പ്രവര്‍ത്തിച്ചിരുന്നു. കാസറഗോഡ് സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ ഭാരവാഹി തുടങ്ങി അനേകം കമ്മിറ്റികളുടെ ഭാരവാഹി സ്ഥാനങ്ങള്‍ അലങ്കരിച്ചു. മഞ്ചേശ്വരം യതീംഖാന ആരംഭിക്കുകയും ആരംഭ ഘട്ടത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിരുന്നത് ചെര്‍ക്കളമായിരുന്നു.

ഉത്തര മലബാറിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക മേഖലകളില്‍ ചെര്‍ക്കളം അബ്ദുള്ള സാഹിബ് ചെലുത്തിയ സ്വാധീനം സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട കാലഘട്ടമാണ്. 'ചെര്‍ക്കളം കാലഘട്ടം' എന്ന് തന്നെ ആ കാലഘട്ടത്തെ നമുക്ക് വിശേഷിപ്പിക്കാം. പകരം വെക്കാനില്ലാത്ത സാമൂഹിക പരിഷ്‌കര്‍ത്താവ്. വേര്‍പാടിന്റെ രണ്ടാണ്ട് തികയുന്ന ഈ വേളയില്‍ നമുക്ക് മനസിലാക്കുവാന്‍ സാധിക്കുന്നത് രാഷ്ട്രീയ, സാമൂഹിക രംഗത്ത് കാസറഗോഡിന് ചെര്‍ക്കളത്തിന്റെ വിടവ് നികത്താനാവാത്ത ഒരു ശൂന്യതയായി ഇന്നും അവശേഷിക്കുന്നു എന്ന് തന്നെയാണ്. അദ്ദേത്തിന്റെ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

Related Posts

ചെര്‍ക്കളം അബ്ദുള്ള ഓര്‍മയിലെ പൂമരം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.