Type Here to Get Search Results !

Bottom Ad

കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്നു: എ. അബ്ദുല്‍ റഹ്‌മാന്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന ഇടത് പക്ഷ സര്‍ക്കാര്‍ അധികാരമുപയോഗിച്ച് ജനങ്ങളെ വീട്ട് തടങ്കലിലാക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. കോവിഡ് കാലയളവില്‍ സുഖജീവിതം നയിക്കുന്നത് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ്. മുറതെറ്റാതെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിച്ച് വരുന്നു. ഭാഗികമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാന്‍ ഓടാത്ത ഓട്ടോ-ടാക്‌സി ബസ്സ് വാഹനങ്ങള്‍ക്ക് മുഴുവന്‍ നികുതി വാങ്ങുന്ന തലതിരിഞ്ഞ സംവിധാനമാണ് കേരളത്തില്‍.

തൊഴിലാളികളും സാധാരണക്കാരും ചെറുകിട കച്ചവടക്കാരും ജീവിതോപാധിയില്ലാതെ പട്ടിണിയിലും ആത്മഹത്യയുടെ വക്കിലുമാണ്. കടകമ്പോളങ്ങള്‍ അടച്ചിടുന്നത് വികലമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. രോഗലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിച്ചാല്‍ ടി.പി.ആര്‍ കുറയില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഒരു റോഡിന്റെ ഒരു വശത്ത് കടകള്‍ തുറക്കുകയും മറുവശത്ത് കടകള്‍ അടച്ചിടുകയും ചെയ്യുന്നു. ആഴ്ചയില്‍ 3 ദിവസം മാത്രം കടകള്‍ തുറന്നാല്‍ ജനത്തിരക്ക് ഒഴിവാക്കാനാകും എന്ന കണ്ടെത്തല്‍ മണ്ടത്തരമാണ്. 

ജനങ്ങള്‍ക്ക് ദുരിതവും കഷ്ടപ്പാടും ഉണ്ടെങ്കില്‍ മാത്രം നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. അതിന്റെ നേതാവാണ് സംസ്ഥാനം ഭരിക്കുന്നത്. അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും മുഖ്യമന്ത്രി നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ജനജീവിതം സാധാരണ നിലയിലാക്കാനും കടകമ്പോളങ്ങള്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിപ്പിക്കാനും ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് യഥേഷ്ട്രം പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും അബ്ദുള്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments

Top Post Ad

Below Post Ad