Type Here to Get Search Results !

Bottom Ad

ജില്ലയില്‍ കോവിഡ് ടെസ്റ്റ് പതിനായിരമായി ഉയര്‍ത്തും: ടിപിആര്‍ കുറഞ്ഞില്ലെങ്കില്‍ ലോക് ഡൗണിലേക്ക് പോവേണ്ടിവരും: പിബി നൂഹ്


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ കോവിഡ് പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയര്‍ത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തുമെന്നും കോവിഡ്-19 സ്പെഷന്‍ ഓഫീസര്‍ പിബി നൂഹ് അറിയിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദുമായും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്പെഷന്‍ ഓഫീസര്‍ ഇക്കാര്യം അറിയിച്ചത്.

പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം അടുത്ത തിങ്കളാഴ്ചയോടെ 42ല്‍നിന്ന് 72 ആയി ഉയര്‍ത്തും. ഇതിന് ജീവനക്കാരുടെ കുറവുണ്ട്. 66 ലാബ് ടെക്നീഷ്യന്‍സിനെതും 38 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും തെരഞ്ഞെടുത്ത് തിങ്കളാഴ്ചയോടെ ഇവ പ്രവര്‍ത്തനം തുടങ്ങും. കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളിലും തലപ്പാടി ചെക്ക് പോസ്റ്റിലും പ്രത്യേക പരിശോധനാ കേന്ദ്രം സ്ഥാപിക്കും. തീരദേശമേഖലയില്‍ ഒമ്പതോളം കേന്ദ്രങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പഞ്ചായത്തുകളില്‍ പരിശോധന നടത്തുന്നതിന്റെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. ജില്ലയില്‍ നിലവില്‍ ശരാശരി 5000 പരിശോധനയാണ് ആഴ്ചയില്‍ നടക്കുന്നത്. അത് ഏഴായിരമായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ആ ലക്ഷ്യമാണ് ഉയര്‍ത്തുന്നത്.

സി, ഡി കാറ്റഗറികളിലെ പഞ്ചായത്തുകള്‍ക്കായി മാസ് ആക്ഷന്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സി, ഡി കാറ്റഗറികളിലുള്ള പഞ്ചായത്തുകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ എണ്ണം ഇരട്ടിയാക്കാനും അവിടെ പരിശോധനകള്‍ കര്‍ശനമാക്കാനും തീരുമാനിച്ചു. അതിഥി തൊഴിലാളികളെ കരാറുകാര്‍ നിര്‍ബന്ധമായും പരിശോധന നടത്തിച്ച് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശനം നല്‍കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ടെസ്റ്റ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അത് ഉറപ്പാക്കും. മുന്‍നിര പ്രവര്‍ത്തകരെ കൂടുതലായി പരിശോധിക്കും.

വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍, രാജപുരം, ആദൂര്‍ തുടങ്ങിയ എസ്.ടി കോളനികളില്‍ താമസ സൗകര്യം കുറവായ ഇടങ്ങളിലുള്ളവര്‍ പോസിറ്റീവായാല്‍ അവരെ ഡോമിസിലിയറി സെന്ററുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.

ചില പഞ്ചായത്തുകളില്‍ കോവിഡ് പരിശോധന വളരെ മോശമായാണ് കാണുന്നത്. ജനങ്ങളുടെ സഹകരണം കുറവാണ്. ടെസ്റ്റ് നടത്തി പോസിറ്റീവായ ആളുകളെ കണ്ടുപിടിക്കാതെ, അവരെ ക്വാറന്റീനിലേക്ക് വിടാതെ നിന്നാല്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിനോ സാധാരണ നിലയിലുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിനോ സാരമായ തടസമുണ്ടാവും. ടെസ്റ്റ് ലക്ഷ്യ പ്രകാരം നടക്കുന്നില്ലെങ്കില്‍ ടിപിആര്‍ കൂടും. അവ സി, ഡി കാറ്റഗറിയില്‍ തന്നെ തുടരും. ഡി കാറ്റഗറിയില്‍ സമ്പൂര്‍ണ അടച്ചിടല്‍ കര്‍ശനമായി നടപ്പിലാക്കും. അതിനാല്‍ ടെസ്റ്റിന് പരമാവധി സഹകരിച്ച് ടിപിആര്‍ പരമാവധി കുറയ്ക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാവണം. ടെസ്റ്റിനോട് എതിരായ സമീപനം കാണിച്ചാല്‍ ടിപിആര്‍ കൂടി ഡി കാറ്റഗറിയില്‍ വരികയാവും ഉണ്ടാവുക. പിന്നെ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോവേണ്ടി വരുമെന്നും പിബി നൂഹ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad