Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം നല്കിയ സംഭവം: സമഗ്രാന്വേഷണം നടത്തണം: എ. അബ്ദുല്‍ റഹ്‌മാന്‍


കാസര്‍കോട് (www.evisonnews.co): കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ പണം നല്‍കി തെരഞ്ഞെടുപ്പ് അട്ടി മറിക്കാനും സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കാനും വോട്ട് ചെയ്യാനും ചെയ്യാതിരിക്കാനും വേണ്ടി ബിജെപി നടത്തിയ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താന്‍ തയാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു.

രണ്ടു നിയോജക മണ്ഡലങ്ങളിലും കോടി കണക്കിന് രൂപയുടെ കള്ളപ്പണമാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി ചെലവഴിച്ചത്. വോട്ടുകള്‍ ലഭിക്കുന്നതിന് വേണ്ടി പണവും ഭക്ഷണ കിറ്റും നല്‍കുകയും വോട്ട് ചെയ്യാതിരിക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തുകയും തിരച്ചറിയല്‍ കാര്‍ഡ് വാങ്ങുകയും സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കുന്നതിനു പണം നല്‍കുകയും ചെയ്തിട്ടുണ്ട്.

മുസ്ലിം കേന്ദ്രങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച് മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്ക് അനുകൂലമാക്കാന്‍ മുസ്ലിം ലീഗില്‍ നിന്നും അടുത്ത കാലത്ത് സി.പി. എമ്മിലേക്ക് ചേക്കേറിയ നേതാവിനും സന്തത സഹചാരിയായ വക്കീലിനും മറ്റൊരു സിപിഎം. നേതാവിനും ബി.ജെ.പി. പണം നല്‍കിയിരുന്നുവെന്നത് നാട്ടിലാകെ പാട്ടാണ്. സിപിഎം പാര്‍ട്ടിക്കകത്ത് ഇതു ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ എ. അബ്ദുല്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad