Type Here to Get Search Results !

Bottom Ad

മധൂര്‍ പഞ്ചായത്തില്‍ വോട്ടു ബഹിഷ്‌കരിക്കാന്‍ ബിജെപി പണം വിതരണം ചെയ്ത സംഭവത്തിലും അന്വേഷണം


കാസര്‍കോട് (www.evisionnews.co): ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതിരിക്കാന്‍ ബിജെപി നേതാക്കള്‍ പണം വിതരണം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി. കാസര്‍കോട് മണ്ഡലത്തിലെ മധൂര്‍ പഞ്ചായത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള പതിനൊന്നാം വാര്‍ഡില്‍ വോട്ടെടുപ്പിന്റെ തലേന്ന് ബിജെപി നേതാക്കള്‍ വീടുകയറി പണം നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം. വോട്ടുചെയ്യാതിരിക്കാനായിരുന്നു രണ്ടുലക്ഷത്തിലധികം രൂപ വിവിധ കുടുംബങ്ങളിലായി വിതരണം ചെയ്തത്. ഇതുസംബന്ധിച്ച് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മധൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റിയും സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

ബിജെപി ഭരിക്കുന്ന മധൂര്‍ പഞ്ചായത്തിലെ ഇസത്ത് നഗര്‍, ഓള്‍ഡ് ചൂരി, ബട്ടം പാറ എന്നീ മേഖലകളില്‍ ഒരു ഫിനാന്‍സറുടെ ഏജന്റുമാരാണ് തുക വിതരണം ചെയ്തത്. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ലഭിക്കുമെന്ന ബിജെപി നേതാക്കളുടെ കണക്ക് കൂട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ ചില യുവാക്കളെ കൈയിലെടുത്ത് വോട്ട് ബഹിഷ്‌ക്കരിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ബിജെപി നേതാക്കള്‍ നല്‍കിയ തുകയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ വീടുകളില്‍ എത്തിച്ചു നല്‍കി. എന്നാല്‍ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ കാരണം ജനാധിപത്യവിരുദ്ധമായ ഈ നടപടി പ്രാവര്‍ത്തികമായില്ല.

വീട്ടില്‍ പണം നല്‍കിയത് ഒരു വീട്ടമ്മ ഗള്‍ഫിലുള്ള ഭര്‍ത്താവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അപരന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മധൂരില്‍ വോട്ടുബഹിഷ്‌കരിക്കാന്‍ പണം വിതരണം നടന്ന സംഭവത്തിലും അന്വേഷണമുണ്ടാകുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad