Saturday, 8 May 2021

എന്‍എച്ച് അന്‍വര്‍ അഞ്ചാം ഓര്‍മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കി സിഒഎ


കാസര്‍കോട് (www.evisionnews.co): കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകള്‍ നല്‍കുകയും ചെയ്ത നാസര്‍ ഹസന്‍ അന്‍വറിന്റെ ഓര്‍മയ്ക്ക് 5 വയസ്. ഓര്‍മദിനമായ മെയ് 7ന് വെള്ളിയാഴ്ച കേരളത്തിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ കേബിള്‍ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കേബിള്‍ ടിവി നെറ്റ് വര്‍ക്കുകളിലും കേരള വിഷന്‍ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി.

ഓര്‍മ ദിനത്തോടനുബന്ധിച്ച് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയും സി സി എന്‍ കാസര്‍കോടും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി. കോവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായാണ് തുക നല്‍കിയത്. എന്‍.എച്ച് അന്‍വറിന്റെ ഓര്‍മദിനദിനത്തില്‍ മാധ്യമ പുരസ്‌ക്കാര വിതരണവും മീഡിയ സെമിനാറും അനുസ്മരണ പരിപാടിയുമാണ് സംഘടിപ്പിച്ച് വരാറുള്ളത്.

എന്നാല്‍ കൊവിഡ് പശ്ചാതലത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ പരിപാടികള്‍ മാറ്റിവെച്ച് ഇതിനായുള്ള തുകയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയത്. ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബുവിന് നേരിട്ടാണ് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുക കൈമാറിയത്. കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം മനോജ് കുമാര്‍, സെക്രട്ടറി എം ആര്‍ അജയന്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, സതീഷ് കെ പാക്കം, സി സി എന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍, എം ഡി ടി വി മോഹനന്‍, എന്നിവര്‍ സംബന്ധിച്ചു.

കഴിഞ്ഞ വര്‍ഷം, എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മദിനത്തോനുബന്ധിച്ച് ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയും സി സി എന്‍ കാസര്‍കോടും സംയുക്തമായി സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയിരുന്നു.കേബിള്‍ ടിവി സാങ്കേതിക മാറ്റത്തിനൊടൊപ്പം കേരളത്തിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിന് നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു എന്‍എച്ച് അന്‍വര്‍. കേബിള്‍ ടിവി വ്യവസായത്തെ ഉന്നതിയിലെത്തിക്കുന്നതില്‍ അഹോരാത്രം ഓടിനടന്ന കരുത്തനായ അമരക്കാരനും,കുത്തകളുടെയും വൈദ്യതി വകുപ്പിന്റെയും ഭീഷണികള്‍ക്കിടയില്‍ പതറിപ്പോയ കേബിള്‍ വ്യവസായത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ മുന്നില്‍ നിന്ന് പടനയിച്ച പോരാളിയായിരുന്നു നാസര്‍ ഹസ്സന്‍ അന്‍വര്‍.

വെല്ലുവിളികള്‍ ഓരോന്നായി മുന്നില്‍ പ്രത്യക്ഷപ്പെട്ട് പത്തിവിടര്‍ത്തിയപ്പോഴും,അതിനെ അതിജീവിച്ച് കേബിള്‍ ഓപ്പേറേറ്റര്‍മാരുടെ കൂട്ടായ്മയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത് നാസര്‍ ഹസ്സന്‍ അന്‍വറിന്റെ അര്‍പ്പണബോധവും അചഞ്ചലമായ മനസ്സുമായിരുന്നു. കേരള വിഷനും കെ.സി.എന്‍ ചാനലും സിസിഎന്നുമെല്ലാം വന്‍ വിജയമായതിന് പിന്നില്‍ നാസര്‍ ഹസ്സന്‍ അന്‍വറിന്റെ ദീര്‍ഘദൃഷ്ടിയും ആത്മാര്‍ത്ഥതയുമുണ്ടായിരുന്നു. പുതിയ പദ്ധതികളും ആശയങ്ങളുമെല്ലാം ഓരോന്നായി വിജയം കണ്ടപ്പോള്‍ അതുവഴി നൂറുക്കണക്കിന് ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയ്ക്ക് സ്‌കിന്നേഴ്‌സ് കാസര്‍കോടിലൂടെ പുതിയ ദിശാ ബോധം പകര്‍ന്ന് നല്‍കിയ എന്‍ എച്ച് അന്‍വര്‍ സപ്തഭാഷ സംഗമഭൂമിയിലെ എല്ലാ സാംസ്‌കാരിക പരിപാടികളിലെയും നിറസാന്നിധ്യമായിരുന്നു. കേബിള്‍ ടിവി വ്യവസായ രംഗത്തെ അമരക്കാരനായ എന്‍ എച്ച് അന്‍വറിന്റെ വിയോഗത്തിലൂടെ കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയ്ക്കടക്കം നികത്താനാകാത്ത നഷ്ടമാണുണ്ടായത്.

Related Posts

എന്‍എച്ച് അന്‍വര്‍ അഞ്ചാം ഓര്‍മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കി സിഒഎ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.