Type Here to Get Search Results !

Bottom Ad

എരുതുംകടവില്‍ അവശനിലയില്‍ കണ്ട വയോധികനെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചു: പരിശോധനയില്‍ കോവിഡ്


കാസര്‍കോട് (www.evisionnews.co): അവശനിലയില്‍ ബസ്റ്റോപ്പില്‍ കണ്ട വയോധികനെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഇയാളെ ഉക്കിനടുക്ക മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചെങ്കള ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡ് എരുതും കടവ് തെക്കേമൂല ബസ്റ്റോപ്പിലാണ് വയോധികനെ അവശനിലയില്‍ കണ്ടത്. നാട്ടുകാര്‍ വിദ്യാനഗര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും പരവനടുക്കയിലെ വൃദ്ധസദനത്തില്‍ അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് താലൂക്ക് ആസ്പത്രിയില്‍ വിളിച്ചപ്പോള്‍ കൂടെ ആളില്ലാതെ സ്വീകരിക്കാനില്ലെന്ന് പറഞ്ഞതോടെ നാട്ടുകാര്‍ പ്രയാസത്തിലായി.

പിന്നീട് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കുളിപ്പിക്കുകയും പുതുവസ്ത്രങ്ങള്‍ നല്‍കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കുകയുമായിരുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദരിയ, ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ. രാജേഷ്, ജനമൈത്രി പൊലീസുകാരായ അനീഷ്, സുരേഷ് എന്നിവരെത്തി ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. താമസം ചൗക്കിയിലാണെന്നും പേര് അബൂബക്കര്‍ ആണെന്നും പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, വയോധിക്കനെ ആളറിയാതെ പരിചരിച്ചവരെ അഭിനന്ദിക്കുകയും ക്വാറന്റീനില്‍ തുടരാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad