Type Here to Get Search Results !

Bottom Ad

ശബ്ദാര്‍ജവത്തിന്റെ വിളക്ക് അണഞ്ഞു: മുക്രിക്കയെന്ന വിസ്മയം ഇനി ഓര്‍മ


അതൊരു യുഗമായിരുന്നു. സീതി മുക്രിക്കയെന്ന കുമ്പഡാജെയിലെ പള്ളി മുക്രിയുടെ ആണ്‍ മക്കളില്‍ മൂത്തവനായി ജനിച്ച കെ.എസ്.മുഹമ്മദ് മുക്രിക്ക ഉപ്പയുടെ വഴി നടക്കാന്‍ കൊതിച്ചു കുമ്പഡാജെ ജുമാ മസ്ജിദില്‍ മുക്രി ജോലി ഏറ്റെടുക്കുന്നു. പിന്നീട് അതൊരു ബിരുധമായി,അല്ലെങ്കില്‍ വലിയൊരു അലങ്കാര നാമമായി തന്റെ പേരിനൊപ്പം വിളിക്കപ്പെട്ടു. നാടിന്റെ സകല സ്പന്ദനങ്ങളിലും തുടിപ്പുകളിലും ആ വ്യക്തി പ്രഭാവം പ്രോജ്ജ്വലിച്ചു നിന്നു.

പ്രിയപ്പെട്ട ഞങ്ങളുടെ നാടിന്റെ മുക്രിക്ക അങ്ങിത്ര വേഗം പോകുമെന്ന ചിന്തയെ ഞങ്ങള്‍ക്കന്യമായിരുന്നു. അല്ലലുകളുടെയും വിള്ളലുകളുടേയു വാക്കുകള്‍ കൊണ്ട് ഭിന്നതയുടെ മതില്‍ കെട്ടു പണിയപ്പെടുമ്പോള്‍ അവിടെ മധ്യസ്ഥതയുടെ മഹാ മന്ത്രിയായി വരാന്‍ ഇനിയാരുണ്ട്. ഞങ്ങള്‍ കുറുമ്പുകള്‍ കാണിക്കുമ്പോള്‍ കണ്ണ് തുറന്നു നിനക്കെന്താണടാ വേണ്ടത് എന്ന് പറഞ്ഞു പരസ്പരം പഴി ചാരന്‍ നില്‍ക്കുന്നവരെ ഒരു നോട്ടം കൊണ്ട് ഇരുത്തുന്നതാരാണ്.. നാട്ടിലെ രാഷ്ട്രീയ സംഘടനാ വേദികളില്‍ മാത്രമല്ല പള്ളി കമ്മിറ്റിയില്‍ നടക്കുന്ന എത്ര വലിയ ചെറിയ ചര്‍ച്ചകളിലും അങ്ങളുടെ ചൂണ്ട് വിരലിനു വല്ലാത്തൊരു ആര്‍ജ്ജവമുണ്ടായിരുന്നു.

ഒരഭിപ്രായം പറഞ്ഞാല്‍ മറിച്ചൊരഭിപ്രായത്തിനു ഇട വരാത്ത വിധം നിങ്ങളുടെ വാക്കുകള്‍ സശ്രദ്ധം ആ സദസ്സ് ഏറ്റെടുത്തിരുന്നു.

ചിലര്‍ അങ്ങയെ എളാപ്പ എന്നും ചിലര്‍ കാക്ക എന്നും വിളിക്കുമ്പോള്‍ ഒരു നാട് മുഴുവന്‍ വിളിച്ചത് ഞങ്ങളുടെ നാടിന്റെ മുക്രി എന്നാണ്.

ശബ്ദാര്‍ജ്ജവത്തിന്റെ വിളക്ക് എവിടെയും ജ്വലിച്ചു നിന്ന അങ്ങണയുമ്പോള്‍ ഇവിടെയൊക്കെ ഇരുട്ട് പരക്കുന്നുണ്ട്. കണ്ണില്ലാത്തവനേ കാഴ്ചയുടെ പ്രാധാന്യമറിയൂ എന്ന വാക്കുകള്‍ നാട്ടില്‍ അന്വര്‍ത്ഥമാക്കിയാണ് അങ്ങയുടെ യാത്ര. കുമ്പഡാജെക്ക് ശബ്ദം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും ചിലപ്പോഴൊക്കെ ആര്‍ജ്ജവമുള്ള നിലപാടുകള്‍ കൊണ്ടും വിസ്മയിപ്പിച്ച നാടിന്റെ വിപ്ലവ നിലാവാണ് അസ്തമിച്ചു പോയതെന്നോര്‍ക്കുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ നെരിപ്പോട് തീര്‍ക്കുന്നുണ്ട്.

അതങ്ങനെയല്ലെന്നും ഈ വിധത്തിലാണ് വേണ്ടതെന്നും പറഞ്ഞു പലപ്പോഴും അഭിപ്രായങ്ങള്‍ക്കിടയിലെ തീര്‍പ്പു കല്‍പ്പിക്കുന്ന മുക്രിക്കയായി അങ്ങ് ഞങ്ങള്‍ക്കിടയില്‍ പ്രശോഭിച്ചിരുന്നു. വലിയൊരു ശസ്ത്രക്രിയക്ക് വിധേയനായി വീണ്ടും ജീവിക്കുമ്പോള്‍ പലരും ഭയക്കാറുണ്ടെങ്കിലും അങ്ങയുടെ നിശ്ചയ ദാര്‍ഢ്യം അത്ഭുതപ്പെടുത്തിയിരുന്നു. അനാരോഗ്യം വേട്ടയാടുമ്പോഴും നാടിന്റെ സേവന പ്രവര്‍ത്തനത്തില്‍ കര്‍മ്മ നിരതനായ ഒരു യുവവായി അങ്ങ് നിറഞ്ഞിരുന്നു.

ആത്മ ധൈര്യത്തിന് ഉദാഹരണമായി അങ്ങയെ ചോണ്ടിക്കാണിക്കാന്‍ ഒരു മടിയുമില്ലാത്ത മനുഷ്യനായി അങ്ങ് ജീവിച്ചു കാണിച്ചു തന്നു. പിതാവന്തിയുറങ്ങുന്ന അതേ മണ്ണിലേക്ക് അന്ത്യ യാത്രയായത് അപ്രതീക്ഷിതമായിരുന്നു. അങ്ങയുടെ വിയോഗം നടന്നത് മുതല്‍ ആരുടേയും നാവില്‍ അങ്ങയെക്കുറിച്ചയവിറക്കാന്‍ ആയിരം വാക്കുകളാണ്. മരിച്ചു കിടക്കുമ്പോഴും എന്തോ ഞങ്ങളെ ഉപദേശിക്കുന്ന ആ മുഖം തുളുമ്പുന്നുണ്ടായിരുന്നു. ജിവിതം പോലെ മരണത്തിലും പതറിയിരുന്നില്ല അങ്ങയുടെ മുഖമെന്ന് ഞങ്ങള്‍ വായിച്ചെടുത്തു..

കാലങ്ങളോളം ബാങ്കൊലികള്‍ കൊണ്ട് എത്രയോ ആളുകളെ പള്ളിയിലേക്ക് മാടി വിളിച്ച ആ നാവ് കലിമയുടെ വാക്കുകള്‍ നിറഞ്ഞിരുന്നു എന്ന് മരണ ശേഷമുള്ള അങ്ങയുടെ മുഖം പറയുന്നുണ്ട്. മൈലാഞ്ചി ചെടിയുടെ അടിയില്‍ അന്ത്യനിദ്ര കൊള്ളാന്‍ നാടിന്റെ മുക്രിക്ക യാത്രയായെങ്കിലും മൈലാഞ്ചിയുടെ നിറവും മണവും ഇവിടെ തന്നെ ബാക്കിവച്ചു. അങ്ങ് പകര്‍ന്നുതന്ന ആര്‍ജ്ജവം ഞങ്ങളുടെ സിരകളില്‍ തുടിച്ചു നില്‍ക്കും. അങ്ങുറങ്ങുക.. ശാന്തമായി.




വൈ ഹനീഫ കുമ്പഡാജെ

Post a Comment

0 Comments

Top Post Ad

Below Post Ad