Type Here to Get Search Results !

Bottom Ad

കൂടുതല്‍ ശക്തി പ്രാപിച്ച് ടൗട്ടെ; കടല്‍ പ്രക്ഷുബ്ധം, പലയിടത്തും കനത്ത മഴ, കാസര്‍കോട് ഉള്‍പ്പടെ 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്


കേരളം (www.evisionnews.co): അറബിക്കടലില്‍ രൂപം കൊണ്ട 'ടൗട്ടെ' ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധം. കാസര്‍കോട് ഉള്‍പ്പടെ 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോടിനെ കൂടാതെ തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 

മഴയും കാറ്റും ശക്തമായതോടെ സംസ്ഥാനത്ത് പലയിടത്തും മരം വീണും വെള്ളം കയറിയും കനത്ത നാശനഷ്ടമുണ്ടായി. ജില്ലയില്‍ മഞ്ചേശ്വരം താലൂക്കിലെ മുസോടി കടപ്പുറത്ത് രണ്ടു വീടുകള്‍ പൂര്‍ണമായും കടലെടുത്തു. അപകടാവസ്ഥയിലുള്ള മൂന്നു വീടുകളിലെ ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കോയിപ്പാടി കടപ്പുറത്ത് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു.

ചേരങ്കൈയില്‍ നാലു വീടുകളില്‍ വെള്ളം കയറി. രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മഞ്ചേശ്വരം ഉപ്പള മുസോഡി കടപ്പുറത്ത് രണ്ട് വീട് പൂര്‍ണമായും തകര്‍ന്നു. മറ്റൊരു വീട് അപകടാവസ്ഥയിലാണ്. വീട്ടുകാര്‍ വാടക വീട്ടിലേക്ക് മാറി. വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ വില്ലേജില്‍ ശക്തമായ മഴയില്‍ രണ്ട് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ചിത്താരി വില്ലേജില്‍ രണ്ട് വീടുകളില്‍ വെള്ളം കയറി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. നീലേശ്വരം വില്ലേജില്‍ തെങ്ങ് വീണ് ഒരു വീട് ഭാഗീകമായി തകര്‍ന്നു.

കസബ വില്ലേജില്‍ കാസര്‍കോട് കടപ്പുറത്ത് നാലു വീടുകളില്‍ വെള്ളം കയറി. കുടുബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ബാര വില്ലേജില്‍ ബലക്കാട് പ്രദേശത്ത് സമീപത്തെ വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഹഫീദ (30), മകള്‍ സഫ (3) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും കാസര്‍കോട് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് 70 ശതമാനത്തോളം തകര്‍ന്നു. ഉപജീവനമാര്‍ഗമായ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഏകദേശം അഞ്ചു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad