Monday, 24 May 2021

ജില്ലയ്ക്ക് പിറന്നാള്‍: 37ന്റെ പകിട്ടിലും പരാധീനതകളും അവഗണനയും പേറി കാസര്‍കോട്
കാസര്‍കോട് (www.evisionnews.co): മുപ്പത്തിയേഴ് വയസിന്റെ പകിട്ടിലും കാസര്‍കോട് ജില്ലയ്ക്ക് പറയാനുള്ളത് അവഗണനയുടെയും വികസന മുരടിപ്പിന്റെയും കഥകള്‍ മാത്രം. രൂപീകരണ കാലത്തെ അവസ്ഥയില്‍ നിന്നും മെച്ചപ്പെട്ടുവെന്ന് പറയാമെങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോടിന്റെ സ്റ്റാറ്റസ് ബഹുദൂരം പിറകിലാണ്. അഭിമാനിക്കാന്‍ ചിലതെന്തൊക്കെയോ നേടിയെങ്കിലും ആരോഗ്യം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയിലും എല്ലാ നിലക്കും ഇനിയും ഒരുപാട് മുന്നേറാനുണ്ട്.

ഒറ്റക്ക് നടക്കാന്‍ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടിലേറെയായിട്ടും കാസര്‍കോട് ജില്ലയുടെ ശൈശവം മാറിയിട്ടില്ല. സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍, നടപ്പില്‍വരുത്തിയ പദ്ധതികള്‍ എന്നിവ വിലയിരുത്തിയാല്‍ ജില്ലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നാണിപ്പിക്കും. ഒരു പുതിയ ജില്ല രൂപീകരിക്കുമ്പോള്‍ ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതികളും സംരഭങ്ങളും ഓഫീസുകളും വഴി കൂടുതല്‍ വികസനം കിട്ടുമെന്നതായിരുന്നു ജില്ലാ രൂപീകരണ ശില്‍പ്പികളുടെ സ്വപ്നം. എന്നാല്‍ കിട്ടേണ്ട വികസനപദ്ധതികള്‍ ജില്ലയുടെ പിറവിക്ക് ശേഷവും ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. ജില്ലയ്ക്ക് 37 വയസ്് പൂര്‍ത്തിയാകുന്ന വേളയില്‍ വികസനത്തിന്റെ മുഴുവന്‍ മേഖലയിലെയും കണക്കുകള്‍ അതു വിളിച്ചുപറയുന്നു.

പുതിയ സര്‍ക്കാറിന്റെ ഭാഗമായി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്ന ദിവസം തന്നെയാണ് ഇക്കുറി ജില്ലയുടെ പിറന്നാള്‍ ആഘോഷം. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും കിട്ടാതെപോയ അവകാശങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും ഏറെയാണ്. ജില്ലയ്ക്ക് സ്വന്തമായി മന്ത്രിയില്ലെന്ന ആശങ്കക്കിടയിലും ഒന്നിച്ചുനിന്നാല്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയ്ക്ക് ഇനിയും മങ്ങലേറ്റിട്ടില്ല.

ജില്ലയുടെ ആരോഗ്യമേഖല ഇനിയും ക്വാറന്റീനില്‍ തന്നെയാണ്. മികച്ച ചികിത്സയില്ലാത്തതിനാല്‍ മംഗളൂരുവാണ് ജില്ലയുടെ ആശ്രയം. കോവിഡ് കാലത്ത് നിയന്ത്രണമുള്ളതിനാല്‍ ചികിത്സകിട്ടാതെ ഒരുപാട് ജീവനകളാണ് അതിര്‍ത്തിയില്‍ പൊലിഞ്ഞത്. കോവിഡ് രണ്ടാംഘട്ടത്തിലും രോഗ വ്യാപനത്തെക്കാളും ആരോഗ്യ പരിതസ്ഥിതിയാണ് ജില്ലയെ ആശങ്കപ്പെടുത്തുന്നത്.

എയിംസ് ജില്ലയ്ക്ക് വേണമെന്ന മുറവിളി ശക്തമാണ്. ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വപ്നപദ്ധതിയായി കൊണ്ടുവന്ന മെഡിക്കല്‍ കോളജ് എവിടെയുമെത്തിയിട്ടില്ല. നിലവില്‍ കോവിഡ് സെന്ററായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അസൗകര്യങ്ങളുടെ നടുവിലാണ് മെഡിക്കല്‍ കോളജ്. കഴിഞ്ഞ കോവിഡ് കാലത്ത് ടാറ്റ നല്‍കിയ ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആസ്പത്രിയുടെ നിലയും പരിതാപകരം. ഡോക്ടര്‍മാരും മെഡിക്കല്‍ സൗകര്യവുമില്ലാതെ ശ്വാസംമുട്ടുകയാണ് ചികിത്സയിലുള്ള രോഗികള്‍.

ആകെയുള്ളത് ജില്ലാ ആസ്പത്രിയും കാസര്‍കോട് ജനറല്‍ ആസ്പത്രിയുമാണ്. അവിടെയും മികച്ച സൗകര്യങ്ങള്‍ ഇനിയുമായിട്ടില്ല. എല്ലാ താലൂക്ക് ആസ്പത്രികളും സിഎച്ച്സികളും വികസിപ്പിക്കുകയും ജില്ലയിലെ ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കുകയും വേണം.

ജില്ലയ്ക്ക് പറയാനൊന്നുമില്ലാത്ത മേഖലയാണ് വിദ്യാഭ്യാസം. 1957ല്‍ ഒരു സര്‍ക്കാര്‍ കോളജ്, എല്‍ബിസ് എഞ്ചിനിയറിംഗ് കോളജ് അല്ലാതെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കാസര്‍കോടിന് അടയാളപ്പെടുത്താനില്ല. ഉന്നത പഠനത്തിനും കര്‍ണാടക ഉള്‍പ്പടെ അന്യ സംസ്ഥാനങ്ങളാണ് ആശ്രയം. ഉള്ള പ്ലസ്ടു, ഡിഗ്രി സീറ്റുകള്‍ തന്നെ പരിമിതമാണ്. അധ്യാപകരുടെയും നല്ല കെട്ടിടങ്ങളുടെയും കുറവുണ്ട്. മലയാളത്തില്‍ ബിരുദപഠനത്തിന് ഗവ. കോളജില്‍ ഇനിയും സൗകര്യമില്ല. ഇവിടെ ലോ കോളജ് അനുവദിച്ചിരുന്നെങ്കിലും പിന്നീട് അതുസംബന്ധിച്ച് യാതൊരു തുടര്‍ നടപടികളുമുണ്ടായില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തു പുതിയ കലാലയങ്ങള്‍ തുടങ്ങണമെന്നതും ജില്ലയിലെ ഗവ. കോളജുകളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കണമെന്നതും ജില്ലയുടെ ആവശ്യമാണ്.

സംസ്ഥാനത്ത് തന്നെ വ്യവസായമില്ലാത്ത ജില്ലയാണ് കാസര്‍കോട്. ആകെയുണ്ടായിരുന്ന ബെദ്രടുക്കയിലെ ഭെല്‍ ഇഎംഎല്‍ കമ്പനി നാമാവേശമാവുമോ എന്ന നിലയിലാണ്. അടച്ചുപൂട്ടിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളകുടിശ്ശിക വര്‍ഷത്തിലധികം ബാക്കി. കേന്ദ്രം കൈവിട്ട കമ്പനി സംസ്ഥാനം ഏറ്റെടുത്തു- ഏറ്റെടുത്തില്ല എന്ന അവസ്ഥയിലാണ്. പൊതുമേഖല സ്ഥാപനമായിരുന്ന ആസ്ട്രോവാച്ച് ജില്ല രൂപീകരിച്ചതിന് പിന്നാലെ അടച്ചുപൂട്ടി. ഉദുമയിലെ സ്പിന്നിംഗ് മില്‍ ജീവഛവമായി കിടക്കുന്നു. സീതാംഗോളി കിന്‍ഫ്ര പാര്‍ക്കില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ വ്യവസായ സംരഭങ്ങളെല്ലാം പിന്നോട്ടടിച്ചു. പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

സര്‍ക്കാര്‍ ഭൂമി ഒരുപാടുള്ള ജില്ലയാണ്. അനന്തപുരം, സീതാംഗോളി, വിദ്യാനഗര്‍, ചട്ടഞ്ചാല്‍, പിലീക്കോട് എന്നിവിടങ്ങളിലായി വ്യവസായ ഏരിയകളുണ്ട്. അടിസ്ഥാന സൗകര്യങ്ങളടക്കം വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ വ്യവസായ സംരഭങ്ങള്‍ തുടങ്ങാനാകും. പുതിയ സംരഭകരെ ആകര്‍ഷിക്കാനാകും. അതിനുപുറമെ ജില്ലയിലെ ഭൂമി ലഭ്യതയുടെ സാധ്യത ഉപയോഗപ്പെടുത്തി കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കണം.

ജില്ലയിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിനായി കൂടുതല്‍ സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും സെക്ഷനുകളും വിപുലപ്പെടുത്തുകയും ചെയ്യുക, ജില്ലാ ആസ്ഥാനം ഉള്‍ക്കൊള്ളുന്ന വിദ്യാനഗര്‍ സബ് സ്റ്റേഷന്‍ 220 കെവി ആയി ഉയര്‍ത്തുക, നിര്‍മാണത്തിലിരിക്കുന്ന മൈലാട്ടി പദ്ധതി ഉള്‍പ്പടെ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുക.

Related Posts

ജില്ലയ്ക്ക് പിറന്നാള്‍: 37ന്റെ പകിട്ടിലും പരാധീനതകളും അവഗണനയും പേറി കാസര്‍കോട്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.