Type Here to Get Search Results !

Bottom Ad

കോവിഡ് വ്യാപനം: മംഗളൂരുവില്‍ മെയ് 4വരെ രാത്രികാല നിരോധനാജ്ഞ, നിയന്ത്രണം രാത്രി 9 മുതല്‍ പുലര്‍ച്ചെ ആറ് വരെ


മംഗളൂരു (www.evisionnews.co) : കോവിഡ്-19 രണ്ടാം തരംഗത്തിന്റെ വ്യാപനം തടയാന്‍ മംഗളൂരുവില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. മെയ് 4 വരെ രാത്രികാല നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാറാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 21 രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയാണ് മംഗളൂരു പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ നിരോധനാജ്ഞ നടപ്പാക്കുന്നത്.

നിരോധനാജ്ഞ നിലനില്‍ക്കുന്ന സമയങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്കും അടിയന്തിര സേവനങ്ങള്‍ക്കുമുള്ള വാഹനങ്ങളുടെ സര്‍വീസ് മാത്രമേ അനുവദിക്കൂ. അസുഖങ്ങള്‍ ബാധിച്ച വ്യക്തികളെ സഹായിയോടൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കും. കമ്പനികളിലും ഫാക്ടറികളിലും രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് അവരുടെ ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നോ ഫാക്ടറിയില്‍ നിന്നോ ഒരു ഐഡി കാര്‍ഡ് ഉണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. മെഡിക്കല്‍ സ്റ്റോറുകള്‍ക്കും അടിയന്തര സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.

എല്ലാ സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വരും യാത്രാമാര്‍ഗത്തില്‍ അവരുടെ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമായും കൈവശം വെക്കണം. എല്ലാ ഫാക്ടറികളും കമ്പനികളും പതിവുപോലെ പ്രവര്‍ത്തിക്കും. ഈ കമ്പനികളിലെയും ഫാക്ടറികളിലെയും ജീവനക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കും. അവര്‍ തങ്ങളുടെ കമ്പനി ഐഡി കാര്‍ഡുകളോ ബന്ധപ്പെട്ട കമ്പനിയില്‍ നിന്നോ ഫാക്ടറിയില്‍ നിന്നോ ഉള്ള കത്തോ കൈവശം വെക്കണമെന്ന് കമ്മീഷണര്‍ പറഞ്ഞു. വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ശവസംസ്‌കാരത്തിന് 20 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. തിയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളങ്ങള്‍ എന്നിവ അടച്ചിരിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad