Monday, 19 April 2021

സഞ്ചാരത്തിന് നിയന്ത്രണമില്ല: രോഗവ്യാപനം അതിതീവ്രം; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് കലക്ടര്‍


കാസര്‍കോട് (www.evisionnews.co): കോവിഡ്-19ന്റെ രണ്ടാം തരംഗത്തില്‍ കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധ അതിതീവ്രമാകുന്നു. ഏപ്രില്‍ 13 മുതല്‍ 18 വരെ ജില്ലയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളില്‍ രോഗവ്യാപനത്തിന്റെ തീവ്രത കണക്കാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്ന് (14.9 ശതമാനം) ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഈ രീതിയില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ രോഗികളെ ഉള്‍ക്കൊള്ളാന്‍ ജില്ലയില്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ മതിയാകാതെ വരുന്ന ഗുരുതര സാഹചര്യം വന്നുചേരും.

ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടൗണുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പരിശോധന ടൗണുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതല്ല. എന്നാല്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് ദീര്‍ഘ സമയം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് നടത്തുന്നവര്‍, കച്ചവടം ചെയ്യുന്നവര്‍, പൊതുയോഗങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്ക് ബാധകമാണ്. ഇത്തരം പരിശോധന നടത്തുമ്പോള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദ്ദേശം നല്‍കി.

ജനങ്ങളോട് കൂടുതല്‍ അടുത്തിടപഴകുന്ന വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്സി തൊഴിലാളികള്‍, സ്വകാര്യ- സര്‍ക്കാര്‍ ബസുകളിലെ ജീവനക്കാര്‍ എന്നിവര്‍ 14 ദിവസം ഇടവിട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. 45 വയസ്സ് കഴിഞ്ഞ രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ തല്‍ക്കാലം ടെസ്റ്റ് ചെയ്യേണ്ടതില്ല. മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചും അവര്‍ക്ക് നിലവിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.

45 വയസ്സിന് താഴെ വാക്സിനേഷന്റെ ഭാഗമാകാത്തവരെ കോവിഡ് മഹാമാരിയില്‍ നിന്നും സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. പ്രത്യേകിച്ചും യുവാക്കളിലെ കോവിഡ് മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് അത്യന്താപേക്ഷിതമാണ്. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്നും ബന്ധപ്പെട്ടവര്‍ മാറി നില്‍ക്കണം.

രൂക്ഷമായ ഈ വ്യാപനം തടയുന്നതിന് എസ്എംഎസ് (മാസ്‌ക,് സാനിറ്റൈസര്‍, സാമൂഹിക അകലം) കര്‍ശനമായി പാലിക്കണം. ഇതിന്റെ ഭാഗമായി വ്യാപക പരിശോധന നടത്തുന്നതിന് ജില്ലാ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് 45 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും വാക്സിനേഷന്‍ നല്‍കുകയെന്നത്. വാക്സിനേഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ആരോഗ്യ വകുപ്പ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന കോവിഡ് വാക്സിന്‍ മുഴുവന്‍ ആളുകളും സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടികളും ജില്ലാ തലത്തില്‍ നടത്തി വരുന്നു. വാക്സിനേഷന്‍ സ്വീകരിച്ച 45 വയസിന് മുകളിലുള്ള മുഴുവന്‍ ജനങ്ങളെയും കോവിഡിന്റെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവില്‍ വാക്സിനേഷന്റെ ഭാഗമാകാത്ത കുട്ടികളടക്കം 45 വയസിന് താഴെയുള്ളവരെ സംരക്ഷിക്കുന്നതിന് കൂട്ട പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

കൂടുതല്‍ ജനസാന്ദ്രതയുള്ള മേഖലകളിലേക്ക് വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകണം. കൂടിച്ചേരലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ വലിയ തോതില്‍ രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഈ തീരുമാനം. ടെസ്റ്റ് നടത്തുന്നതിനായി നഗരപ്രദേശങ്ങളിലേക്ക് വരേണ്ടതില്ല. ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായും കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനേഷനും ആര്‍ ടി പി സി ആര്‍ പരിശോധനയും നടത്താം.Related Posts

സഞ്ചാരത്തിന് നിയന്ത്രണമില്ല: രോഗവ്യാപനം അതിതീവ്രം; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് കലക്ടര്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.