Type Here to Get Search Results !

Bottom Ad

കോവിഡ് കെടുതിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം: ഖാസി


കാസര്‍കോട് (www.evisionnews.co): കോവിഡിന്റെ കെടുതിയില്‍ നിന്ന് നാടിനെ പൂര്‍ണമായി രക്ഷിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. പള്ളികള്‍ അടച്ചിടുകയും ആരാധനാ കര്‍മങ്ങള്‍ വീടുകളില്‍ ഒതുക്കേണ്ടി വരുകയും ചെയ്ത കഴിഞ്ഞ വര്‍ഷത്തെ റമസാന്‍ മാസം മറക്കാനാകാത്ത പാഠവും അനുഭവവുമാണ്.

ഇത്തവണ റമസാന്‍ കടന്നു വന്നപ്പോള്‍ പള്ളികള്‍ ആരാധനാ കര്‍മങ്ങള്‍ കൊണ്ടും സൃഷ്ടാവിനെക്കുറിച്ചുള്ള സ്തുതിപാഠങ്ങള്‍ കൊണ്ടും സജീവമായി. ഈസൗഭാഗ്യം സൂക്ഷ്മതയോടെയായിരിക്കണം അനുഭവിക്കേണ്ടതും ഉപയോഗിക്കേണ്ടതും.

ചുറ്റുപാടുകളില്‍ കാണുന്നതും കേള്‍ക്കുന്നതും ഭയാനകത നിറഞ്ഞ കാര്യങ്ങളാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികാരികള്‍ തീരുമാനിച്ചിട്ടുണ്ട്. ഒരോ വ്യക്തിയും തന്റെ ജീവിതം സ്വയം നിയന്ത്രണത്തിന് വിധേയമാക്കിയാലെ കോവിഡിനോടുള്ള പോരാട്ടം ജയം കാണൂ. അച്ചടക്കവും നിയന്ത്രണവും ക്രമീകരണവും അത്യന്താപേക്ഷിതമാണ്.

പള്ളികളില്‍ പോകാന്‍ പറ്റാത്ത കഴിഞ്ഞ വര്‍ഷത്തെ സാഹചര്യത്തില്‍ നിന്ന് മാറി റമസാനിലെ പ്രാര്‍ഥനകള്‍ പളളിയിലാകാമെന്ന അവസ്ഥ ഉണ്ടായതിന് സൃഷ്ടാവിനോട് വിശ്വാസികള്‍ നന്ദിയുള്ള വരായിരിക്കണം. വരാനിരിക്കുന്ന നാളുകളിലും ആരാധനാ കര്‍മങ്ങള്‍ നിര്‍വിഘ്‌നം തുടരാനുള്ള സാഹചര്യത്തിന് ഉള്ളുരുകി പ്രാര്‍ത്ഥിക്കണം.

നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് അധികാരികള്‍ കൈക്കൊള്ളുന്ന നടപടികളോട് സര്‍വാത്മനാ സഹകരിക്കണം. തറാവീഹ് നിസ്‌കാരവും മറ്റു പ്രാര്‍ഥനകളും പരമാവധി പത്തുമണിക്ക് അവസാനിക്കുന്നവിധത്തില്‍ സമയ ക്രമീകരണം നടത്തേണ്ടതാണ്. മാസ്‌കുകള്‍ നിസ്‌കാര സമയത്ത് പോലും ഒഴിവാക്കരുത്.

മുസല്ലയുമായി പള്ളിയിലെത്തുന്നത് ഉചിതമായിരിക്കും. കോവിഡ്- 19 നിഷ്‌കരുണം നാടിനെ നശിപ്പിക്കാനൊരുമ്പെട്ടാല്‍ ഇതുവരെ കണ്ടതിനെക്കാളും കടുത്ത നടപടികളിലേക്ക് അധികാരികള്‍ നീങ്ങിയേക്കാം. അത്തരം ഘട്ടങ്ങളില്‍ പോലും മനുഷ്യന്റെ നിലനില്‍പ്പും നാടിന്റെ നന്മയും ഓര്‍ത്തു വിശ്വാസികള്‍ സംയമനവും നിയന്ത്രണവും പാലിക്കണമെന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ ഓര്‍മിപ്പിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad