Type Here to Get Search Results !

Bottom Ad

പ്രധാന ടൗണുകളില്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ്, വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. 14 ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു ഡോസ് കോവിഡ് വാക്സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്പള എന്നീ ടൗണുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കേണ്ടതുള്ളൂ. ഇതു നടപ്പാക്കാനായി ഈ ടൗണുകളില്‍ രണ്ടു വശത്തും പൊലീസ് പരിശോധന നടത്തും.

കോവിഡ് പരിശോധനയും വാക്സിനേഷനും നല്‍കാനുള്ള സംവിധാനവും ഈ പരിശോധനാ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സജ്ജീകരിക്കും. ഇപ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രദേശങ്ങളിലേക്ക് ഓരോ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

-ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പതു മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പ്രസ്തുത സമയ പരിധി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊലീസ് പരിശോധന കര്‍ശനമാക്കാനായി സ്പെഷ്യല്‍ ഡ്രൈവ് നടത്തും.

-പൊതുഗതാഗത വാഹനങ്ങളില്‍ അനുവദനീയമായ എണ്ണം ആള്‍ക്കാരെ മാത്രമേ കയറ്റാന്‍ പാടുള്ളൂ. ബസുകളില്‍ നിന്ന് കൊണ്ട് യാത്ര ചെയ്യുന്നത് അനുവദിക്കില്ല. ഇതിന് വിരുദ്ധമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ ആര്‍ടിഒ കര്‍ശന നടപടി സ്വീകരിക്കും.

-തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതക്കരികിലെയും കാസര്‍കോട്- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡരികിലെയും തട്ടുകടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാര്‍സലായി മാത്രമേ ഭക്ഷണം വില്‍ക്കാന്‍ പാടുള്ളൂ. ഈ കടകളും രാത്രി 9 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. എല്ലാ സ്ഥാപനങ്ങളുടെയും ഉടമയും സ്ഥാപനത്തിലെ മറ്റ് ജോലിക്കാരും നിര്‍ബന്ധമായും ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കണം. കടയ്ക്കു മുന്നില്‍ ആള്‍ക്കാര്‍ കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കണം.

-തുറന്ന ഗ്രൗണ്ടുകളിലും ഇന്‍ഡോര്‍ ഗ്രൗണ്ടുകളിലുമുള്ള എല്ലാവിധ കായിക വിനോദങ്ങളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് യോഗം നിര്‍ദേശിച്ചു.

-നഗരസഭ, ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും നടക്കുന്ന കല്യാണം, മറ്റു ചടങ്ങുകള്‍ എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നടത്താവൂ. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച്് പരമാവധി 100 പേരെ മാത്രമേ പരിപാടികളില്‍ പങ്കെടുപ്പിക്കാവൂ. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്ന അനുമതികളുടെ വിവരം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിക്കേണ്ടതാണ്. ജില്ലയില്‍ നിലവില്‍ അനുമതി നല്‍കിയിട്ടുള്ളവ ഒഴികെയുള്ള ഒരു ഉല്‍സവങ്ങള്‍ക്കും അടുത്ത രണ്ട് ആഴ്ച അനുമതി നല്‍കാന്‍ പാടില്ലാത്തതാണ്. അനുമതി ലഭിച്ച കമ്മിറ്റികളുണ്ടെങ്കില്‍, ആഘോഷ പരിപാടികള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്തേണ്ടതാണെന്ന് യോഗം അറിയിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad