Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്തും കാസര്‍കോട്ടും എല്‍ഡിഎഫ് ഇറക്കിയിരിക്കുന്നത് ബിജെപി ഡെമ്മികളെ: ഡികെ


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്തും കാസര്‍കോടും ദുര്‍ബല സ്ഥാനാര്‍ഥികളെ ഇറക്കി എല്‍ഡിഎഫ് ബിജെപിക്ക് ഒത്താശ ചെയ്യുന്നുവെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. കാസര്‍കോട് ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമണ്ഡലത്തിലും ബിജെപിയുടെ ഡെമ്മി സ്ഥാനാര്‍ഥികളെയാണ് സിപിഎം ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിനും ഐക്യത്തിനും ഐശ്വര്യത്തിനും സമാധാനത്തിനും യുഡിഎഫ് അധികാരത്തിലെത്തണം. കേരള ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലക്കുകയാണ്. മോദിയും ബിജെപിയും കുത്തകകളുടെ ഏജന്റുമാരായി. കേരള സര്‍ക്കാര്‍ അഴിമതിയിലാണ്. യുഡിഎഫ് കൊണ്ടുവന്ന പദ്ധതികളൊക്കെ മുടക്കുകയാണ് എല്‍ഡിഎഫ് ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. ആരോഗ്യമേഖലയെ കൂടുതല്‍ ദുര്‍ബലമാക്കി.

കേരളത്തിന്റെ സമഗ്ര വികസനത്തിന് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തത്. കാസര്‍കോട് ഭെല്‍ കമ്പനി, എച്ച്എഎല്‍ കമ്പനി എന്നിവ യുപിഎ സര്‍ക്കാരാണ് കേരളത്തിനനുവദിച്ചത്. പുതിയ പ്രകടന പത്രികയും എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുംവിധമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വിശ്വാസം സംരക്ഷിക്കാനും സമാധാനവും ഐശ്വര്യവും കൊണ്ടുവരാനും യുഡിഎഫിന് മാത്രമേ കഴിയൂ. മതസൗഹാര്‍ദ്ദമാണ് യുഡിഎഫ് ലക്ഷ്യം. മതധ്രുവീകരണം ലക്ഷ്യമിടുന്ന ശക്തികളെ കേരളത്തിന്റെ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ കര്‍ണാടക മന്ത്രി ബി. രമാനാഥ റൈ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ടിഎം ഷാഹിദ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad