Wednesday, 3 March 2021

കാസര്‍കോട്ട് കെഎം ഷാജി; മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍എ നെല്ലിക്കുന്ന്, തീരുമാനം രണ്ടുദിവസത്തിനകം




കാസര്‍കോട് (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ ഉറച്ചകോട്ടയായ കാസര്‍കോട് മണ്ഡലത്തില്‍ കെഎം ഷാജിയെ മത്സരിപ്പിക്കാന്‍ സാധ്യതയേറി. മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍എ നെല്ലിക്കുന്നിനെ മത്സരിപ്പിക്കാനും ഏകദേശ ധാരണയായി. ഇരുവരുടെ സ്ഥാനാര്‍ഥിത്വം ഏതാണ് ഉറപ്പായതായാണ് പുറത്തുവരുന്ന വിവരം. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രഖ്യാപനം സീറ്റു വിഭജനം കഴിഞ്ഞയുടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

രണ്ടുതവണ മത്സരിച്ച അഴീക്കോട് ഇത്തവണ മത്സരിക്കാനില്ലെന്നും കാസര്‍കോടോ മറ്റേതെങ്കിലും ഉറച്ച മണ്ഡലം വേണമെന്നും കെഎം ഷാജി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കുറി ഉറച്ച സീറ്റില്‍ കെഎം ഷാജിയെ മത്സരിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനടക്കം താല്പര്യമുണ്ട്.

മണ്ഡലം കമ്മിറ്റി ചേര്‍ന്ന് പുറത്തുനിന്നുള്ളവര്‍ വേണ്ടെന്നും മണ്ഡലം പരിധിയില്‍ നിന്നാവണമെന്നുമുള്ള നിലപാട് നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സിറ്റിംഗ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് അല്ലെങ്കില്‍ ടിഇ അബ്ദുല്ല, മാഹിന്‍ കേളോട്ട് എന്നിവരുടെ പേരുകള്‍ പരിഗണിക്കണമെന്നാണ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ജയസാധ്യത കാസര്‍കോടാണെന്നും കെഎം ഷാജിയെ കാസര്‍കോട് മത്സരിപ്പിച്ച് സിറ്റിംഗ് എംഎല്‍എയെ മഞ്ചേശ്വരത്തേക്ക് കൊണ്ടുപോവാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

മഞ്ചേശ്വരത്ത് നേരത്തെ തന്നെ യൂത്ത് ലീഗ് നേതാവ് എകെഎം അഷ്‌റഫിന്റെ പേര് പരിഗണനയിലായിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും എകെഎമ്മിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ജയസാധ്യ കണക്കിലെടുത്ത് എന്‍എ നെല്ലിക്കുന്നിനെ മത്സരിപ്പിക്കാനാണ് നിലവിലെ ധാരണ. ഏതായാലും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് മണ്ഡലം, ജില്ലാ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കെഎം ഷാജി കാസര്‍കോട് വരുന്നത് ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ രീതിയില്‍ ആവേശവും ഉണര്‍വും ഉണ്ടാക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇത് കാസര്‍കോട്ടും മഞ്ചേശ്വരത്തും ഉദുമയിലും വലിയ രീതിയില്‍ യുഡിഎഫിന് ഗുണംചെയ്യും. കെഎം ഷാജിയുടെ പേര് ഉയര്‍ന്നുവന്നതോടെ പ്രൊഫൈല്‍ പിച്ചര്‍ ക്യാമ്പയിന്‍ ഉള്‍പ്പടെ ആരംഭിച്ചിട്ടുണ്ട്. കരുതിയത് പോലെ ഒരു കെഎം ഷാജി തരംഗം ഉണ്ടായാല്‍ ഉദുമയും ഇക്കുറി യുഡിഎഫിന് പിടിക്കാനാവുമെന്നാണ് വിലയിരുത്തുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജില്ലയ്ക്ക് ഒരു മന്ത്രിയെ ലഭിക്കുമെന്നതും ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഷാജിയുടെ വരവിനെ പോസിറ്റീവായി കാണുന്നു.

Related Posts

കാസര്‍കോട്ട് കെഎം ഷാജി; മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍എ നെല്ലിക്കുന്ന്, തീരുമാനം രണ്ടുദിവസത്തിനകം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.