Type Here to Get Search Results !

Bottom Ad

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ബ്ലഡ് സെപറേഷന്‍ യൂണിറ്റും ഒപിയും ഉദ്ഘാടനം നാളെ



കാസര്‍കോട് (www.evisionnews.co): ജില്ലയിലെ രക്തജന്യ രോഗികളുടെതടക്കം ഏറെ കാലത്തെ മുറവിളികള്‍ക്ക് ഒടുവില്‍ വിരാമമാകുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സജ്ജീകരിച്ച രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്ന യൂണിറ്റും നവീകരിച്ച ഒപി വിഭാഗം ക്ലിനിക്കും നാളെ വൈകിട്ട് 6.30ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു മുഖ്യ പ്രഭാഷണം നടത്തും.

ബ്ല്ഡ് യൂണിറ്റില്‍ സ്ഥാപിച്ച മെഷീനുകളടക്കം വാറണ്ടി കാലാവധി പിന്നിട്ട് തുരുമ്പുപിടിച്ചതല്ലാതെ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉടന്‍ ആരംഭിക്കുമെന്ന് നിരവധി തവണ ആരോഗ്യ മന്ത്രി വാക്ക് നല്‍കിയെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും സാമൂഹിക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നിരവധി തവണ ബന്ധപ്പെട്ടവരെ ആവശ്യം അറിയിച്ചെങ്കിലും സാങ്കേതികത പറഞ്ഞ് പ്രവര്‍ത്തനം വൈകിപ്പിക്കുകയായിരുന്നു.

നവീകരിച്ച ബ്ലഡ് ബാങ്കിലെ കംപോണന്റ് സെപറേഷന്‍ യൂണിറ്റിന് ദാതാക്കളില്‍ നിന്ന് ശേഖരിച്ച രക്തം അതുപോലെ തന്നെ നല്‍കാനുള്ള ലൈസന്‍സ് നേരത്തെ ഉണ്ടായിരുന്നു. ചുവന്ന രക്താണുക്കള്‍) പ്ലാസ്മ, പ്ലേറ്റ്ലറ്റ് കോണ്‍സന്‍ട്രേറ്റ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ നിന്ന് വേര്‍തിരിച്ച് നല്‍കാനുള്ള ലൈസന്‍സ് കൂടി പുതിയതായി ജനറല്‍ ആസ്പത്രിക്ക് ലഭിച്ചതായാണ് ഔദ്യോഗിക വിവരം.

87,70,000 രൂപ വിലവരുന്ന ഉപകരണങ്ങള്‍ സര്‍ക്കാര്‍ നേരിട്ടും 9, 82,000 രൂപയുടെ ഉപകരണങ്ങള്‍ കാസര്‍കോട് വികസന പാക്കേജ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ആസ്പത്രിയിലെ പ്രധാന ജനറേറ്ററില്‍ നിന്ന് 2,20,000 രൂപ ചെലവഴിച്ച് ബ്ലഡ് ബാങ്കിലേക്ക് കേബിള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ പണം നല്‍കി. കേരളാ സ്റേററ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഇവിടെയ്ക്ക് നാലു ജീവനക്കാരെ നിയമിക്കുകയും 15 കിലോവാട്ട് ജനറേറ്റര്‍ നല്‍കുകയും ചെയ്തു. ഫ്ളോറിംഗും അറ്റകുറ്റപ്പണികളും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 8,50, 000 രൂപ ഉപയോഗിച്ച് പിഡബ്ല്യുഡി കെട്ടിട നിര്‍മാണ വിഭാഗമാണ് നടത്തിയത്. ആസ്പത്രി വികസന സമിതി ഫണ്ടുപയോഗിച്ച് 4, 80,000 രൂപ ചെലവില്‍ വൈദ്യുതീകരണവും നടത്തി്.

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍എച്ച്എം ഫണ്ടുപയോഗിച്ച് നവീകരിച്ച പുതിയ ഒപിയില്‍ കാത്തിരിപ്പ് മുറി, ഒപി ടിക്കറ്റ് കൗണ്ടര്‍, ഇന്‍ഷുറന്‍സ് കൗണ്ടര്‍, ജനറല്‍ ഒപി എന്നിവയാണ് പ്രവര്‍ത്തിക്കുക. ഭിന്നശേഷി ശുചിമുറി ഉള്‍പ്പെടെ രോഗികള്‍ക്കുള്ള ശുചിമുറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.







Post a Comment

0 Comments

Top Post Ad

Below Post Ad