Type Here to Get Search Results !

Bottom Ad

അഷ്‌റഫ് എയ്യള: സാമൂഹ്യ സേവനത്തിന് ആയുസ് ഒഴിഞ്ഞുവച്ച മനുഷ്യസനേഹി



'എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയുമെന്നത് ഖുര്‍ആന്‍ സാക്ഷ്യം. അത് തന്നെയാണ് പ്രപഞ്ച സത്യവും. കഴിഞ്ഞ മാസം വീട്ടില്‍ സന്ദര്‍ശിച്ച നേരം ആദ്യം മനസില്‍ തോന്നിയ വികാരം നിന്നെ കാണേണ്ടിയിരുന്നില്ല എന്നായിരുന്നു. സുമുഖനായ, ആരോഗ്യ ദൃഢ ഗാത്രനായ നിന്നെ രോഗവും നിരന്തമായ ചികിത്സയും ഏറെ തളര്‍ത്തിയിരുന്നു. നിന്നെ കുറിച്ചുള്ള സ്മരണകളില്‍ നിന്റെ പഴയ മുഖം തന്നെയായിരുന്നു എനിക്കിഷ്ടം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടയിരാമാണ്ടിന്റെ തുടക്കത്തില്‍, ജോലി തേടിയുള്ള യാത്രയിലാണ് അഷ്‌റഫുമായി കൂടുതല്‍ അടുക്കുന്നത്. ഞാന്‍ ജോലി ചെയ്തിരുന്ന ജബല്‍ അലി ഫ്രീസോണില്‍ പരിചയമുള്ള കമ്പനികളില്‍, ജോലിക്ക് വേണ്ടി , ഒരുമിച്ചുള്ള ഒരുപാട് യാത്രകള്‍... അന്ന് മനസ്സ് തുറന്ന് സംസാരിച്ച കൂട്ടത്തില്‍ കുടുംബ ബന്ധങ്ങളെ സംബന്ധിച്ച ചില തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനായി.

പിന്നീട് ജോലി കിട്ടിയതിനു ശേഷവും ആ ബന്ധം നില നിര്‍ത്തി. ചിലപ്പോഴെങ്കിലും കുടുംബസമേതം ഫ്‌ളാറ്റുകളില്‍ പരസ്പരം സന്ദര്‍ശനം നടത്തി. ഏറെ സംസാര പ്രിയനായിരുന്നു അഷ്‌റഫ്. സംസാരത്തിലെ ആ വാചാലത തന്നെയായിരുന്നു അവന്റെ ഐഡന്റിറ്റിയും. സാമൂഹിക സേവനത്തിന് വേണ്ടി ജീവിതത്തിന്റെ നല്ല പങ്ക് ചെലവഴിച്ച അവന്‍ നല്ലൊരു സംഘാടകന്‍ കൂടിയായിരുന്നു. പ്രസംഗങ്ങളിലും ഏറെ മികവ് പുലര്‍ത്തി. ദുബായില്‍ മരണ പ്പെടുന്നവരുടെ മയ്യിത്ത് വിട്ടുകിട്ടാനുള്ള പേപ്പര്‍ വര്‍ക്കുകളിലും കൊറോണ രോഗികള്‍ക്കുള്ള ആശ്വാസ പ്രവര്‍ത്തനങ്ങളിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി വരികയായിരുന്നു.

ബെണ്ടിച്ചാല്‍ അസോസിയേഷന്‍ ബാനറില്‍ ഞങ്ങള്‍ സംഘടിപ്പിച്ച സാന്ത്വനം 16 പരിപാടിയിലും പിന്നീട് നടന്ന ബെണ്ടിച്ചാല്‍ കുടുംബ സംഗമത്തിലും റാസഖൈമയില്‍ നടന്ന നാലപ്പാട് മീറ്റിലും അഷ്‌റഫിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തി. 

അഷ്്‌റഫ്, കെഎംസിസിയുടെയും, അക്കാഫിന്റെയുമുള്‍പ്പെടെ വിവിധ സംഘടനകള്‍ വഴിയും അല്ലാതെയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നീ പങ്കാളിയായി. എല്ലാം ഇവിടെ ഉപേക്ഷിച്ചുപോയ നിന്റെ യാത്രയില്‍ അതിലെ ഗുണഭോക്താക്കളുടെ പ്രാര്‍ത്ഥനകളും നിന്റെ സല്‍പ്രവര്‍ത്തനങ്ങളും മാത്രം നിന്നോടൊപ്പമുണ്ടാകും. ഒപ്പം നീ നല്‍കിയ മധുരമായ ഓര്‍മകളിലൂടെ നിന്നെ സ്‌നേഹിക്കുന്നവരുടെ മനസില്‍ നീ ജീവിക്കും.






Tags

Post a Comment

0 Comments

Top Post Ad

Below Post Ad