Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്തില്‍ ഉദുമ എംഎല്‍എക്കെതിരെ യുഡിഎഫിന്റെ പ്രമേയത്തെ ബിജെപി അനുകൂലിച്ചു: എല്‍ഡിഎഫ് ബഹിഷ്‌കരിച്ചു


കാസര്‍കോട് (www.evisionnews.co): ചെമ്മനാട് പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എക്കെതിരെ പ്രമേയം അവതരിപ്പിച്ചത് വാക്കേറ്റത്തിനും ബഹളത്തിനും കാരണമായി. ഇതിനിടെ യോഗം ബഹിഷ്‌കരിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയും ചെയ്തു. 

ചെമ്മനാട് പഞ്ചായത്തിലെ കളനാട് തായത്ത് ബ്രദേഴ്‌സ് ക്ലബ്ബ് നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയതതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് എം.എല്‍.എക്കെതിരായ പ്രമേയത്തിന് കാരണം. ഈ ബസ് വെയിറ്റിംഗ് ഷെഡിന് കല്ലൂരാവിയില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍ ഔഫിന്റെ പേരടങ്ങിയ ബോര്‍ഡാണ് സ്ഥാപിച്ചത്. ഈ കേന്ദ്രം പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നടന്ന സര്‍വ കക്ഷിയോഗം ബസ് കാത്തിരിപ്പുകേന്ദ്രം തത്കാലം പൊളിക്കേണ്ടതില്ലെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്നും തീരുമാനമെടുത്തു. 

ഇതിനിടെ തിങ്കളാഴ്ച ചേര്‍ന്ന ഭരണസമിതിയോഗത്തിലാണ് സ്ഥിരം സമിതി അധ്യക്ഷനായ ഷംസുദ്ദീന്‍ തെക്കില്‍ ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്ത കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നടപടിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫ്-ബി.ജെ.പി അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ പ്രമേയം പിന്‍വലിക്കണമെന്ന് എല്‍.ഡി.എഫ് അംഗങ്ങളായ കെ. കൃഷ്ണന്‍, ഇ. മനോജ്കുമാര്‍, ടി. ജാനകി, രേണുക ഭാസ്‌കരന്‍, വീണാറാണി, മൈമൂന അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 

തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം ചേരിതിരിഞ്ഞുള്ള വാഗ്വാദത്തിന് കാരണമായി. പ്രമേയം ഭരണസമിതി അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. യോഗത്തില്‍ പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.</p>

Post a Comment

0 Comments

Top Post Ad

Below Post Ad