Type Here to Get Search Results !

Bottom Ad

ആള്‍ക്കൂട്ട മര്‍ദന മരണം: മുസ്ലിം ലീഗ് നേതാക്കള്‍ ജില്ലാ പോലീസ് മേധാവിയെ കണ്ടു



കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ദേശീയ പാതയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ചെമ്മനാട് സ്വദേശി റഫീഖ് എന്നയാള്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാ പോലീസ് മേധാവിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. 

ആള്‍ക്കൂട്ടത്തിന്റെ ഉന്തും തള്ളും മര്‍ദനവും ഏറ്റാണ് റഫീഖ് മരണപ്പെട്ടതെന്നും ആള്‍ക്കൂട്ടം മര്‍ദിക്കുമ്പോള്‍ അതുവഴി മോട്ടോര്‍ സൈക്കിളില്‍ പോയിരുന്ന പോലീസുകാര്‍ സംഭവം കണ്ടിട്ടും ഇടപെട്ടില്ലെന്നും ഹൃദയസ്തംഭനംമൂലമാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുഖവിലക്കെടുത്താലും ഹൃദയസ്തംഭനത്തിന് കാരണമായത് ആള്‍ക്കൂട്ട മര്‍ദ്ദനമാണെന്നതില്‍ തര്‍ക്കമില്ല. ആള്‍ക്കൂട്ട മര്‍ദനത്തെ നിസാരവല്‍ക്കരിച്ച് മരണം ഹൃദയസ്തംഭന മൂലമാണെന്നു വരുത്തി നിയമം കൈയിലെടുത്ത് മനുഷ്യനെ തല്ലിക്കൊന്നവരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള അന്വേഷണ രീതി ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad