Type Here to Get Search Results !

Bottom Ad

ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസ്: എംസി ഖമറുദ്ദീന്‍ എംഎല്‍എക്ക് 24 കേസുകളില്‍ ജാമ്യം: 21കേസുകളില്‍ ഇന്ന് വിധി പറയും


കാസര്‍കോട് (www.evisionnews.co): ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ റിമാന്റില്‍ കഴിയുന്ന എംസി ഖമറുദ്ദീന്‍ എംഎല്‍എക്ക് 24 കേസുകളില്‍ കൂടി ചൊവ്വാഴ്ച ജാമ്യം ലഭിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷകളില്‍ അനുകൂല വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസം മൂന്നു കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. ഖമറുദ്ദീന്‍ അഭിഭാഷകന്‍ മുഖേന കാസര്‍കോട് സി.ജെ.എം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയും. 

21 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയും വാദം കേള്‍ക്കുന്നുണ്ട്. 148 കേസുകളില്‍ 27 കേസുകളില്‍ മാത്രമാണ് ഖമറുദ്ദീന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുഴുവന്‍ കേസുകളിലും ജാമ്യം കിട്ടാതെ ഖമറുദ്ദീന് പുറത്തിറങ്ങാനാവില്ല. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കു പുറമെ ഖമറുദ്ദീന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ മാത്രം 81 കേസുകളാണുള്ളത്. കാസര്‍കോട്, പയ്യന്നൂര്‍, തൃശൂര്‍ കോടതികളിലും കേസുകളുണ്ട്. ആരേയും വഞ്ചിച്ചിട്ടില്ലെന്നും കച്ചവടത്തിലുണ്ടായ പരാജയമാണ് കേസിന് കാരണമായതെന്നുമാണ് ഖമറുദ്ദീന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുന്നത്. 

ഫാഷന്‍ ഗോള്‍ഡില്‍ ഉയര്‍ന്ന ലാഭവിഹിതം വാങ്ങി നിക്ഷേപം സ്വീകരിച്ചെന്നും അടച്ച പണവും ലാഭവിഹിതവും നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. കമ്പനി ഏത് സമയത്തും പൂട്ടേണ്ടിവരുമെന്ന് അറിഞ്ഞതിന് ശേഷവും പലരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ കഴിഞ്ഞ നവംബര്‍ ഏഴിനാണ് ഖമറുദ്ദീനെ മൊഴിയെടുക്കാനായി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഖമറുദ്ദീനെ അറസ്റ്റ് ചെയ്തിട്ട് രണ്ട് മാസവും ഒരാഴ്ചയും പിന്നിട്ടിരിക്കുകയാണ്. കേസിലെ ഒന്നാംപ്രതിയും ഫാഷന്‍ഗോള്‍ഡ് എം.ഡിയുമായ ടി.കെ പൂക്കോയ തങ്ങള്‍, ഡയറക്ടര്‍ ഹിഷാം എന്നിവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad